Site iconSite icon Janayugom Online

മലയാളികളെ ഏറെ ചിരിപ്പിച്ച ആ ചിരി മാഞ്ഞിട്ട് 26 വർഷം

മലയാളികളെ കുടുകുടെ ചിരിപ്പിച്ചും അതുപോലെ കരയിപ്പിച്ചും കടന്നുപോയ അഭിനേതാവാണ് സൈനുദ്ദീന്‍. അദ്ദേഹം അഭിനയിച്ച സീനുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആളുകളിന്നും ആ താരത്തെ ഓര്‍ക്കുന്നു. മിമിക്രിയിലൂടെയും സിനിമയിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരം വിട വാങ്ങിയിട്ട് 26 വർഷം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് 47–ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. കലാഭവനില്‍നിന്നാണ് സൈനുദ്ദീന്‍ സിനിമയിലേക്ക് വരുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാര്‍ ജോലിക്കാരനായിട്ടായിരുന്നു തുടക്കം. പിന്നെ ചെറുതും വലുതുമായ കുറേ കഥാപാത്രങ്ങള്‍.

സയാമീസ് ഇരട്ടകള്‍, മിമിക്‌സ് പരേഡ്, കാസര്‍കോട് കാദര്‍ഭായി, ആലഞ്ചേരി തമ്പ്രാക്കള്‍, എഴുപുന്ന തരകന്‍, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത, സ്‌പെഷല്‍ സ്‌ക്വാഡ്…അങ്ങനെ കുറേ സിനിമകളുടെ ഭാഗമായി. തുടർന്ന് 150–ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.സൈനുദീന്റെ മകനായ സിനി‍ൽ സൈനുദീനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തി. ഒട്ടേറെ സിനിമകളിൽ അഭിനയിച്ച സിനിൽ ഇന്നു മലയാളത്തിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ്. 

വീട്ടിലും സൈനുദീന് തമാശയും കാര്യങ്ങളുമൊക്കെയുണ്ടായിരുന്നു. പക്ഷേ അതിനൊപ്പം ഉത്തരവാദിത്തമുള്ള വീട്ടുകാരന്‍ കൂടിയായിരുന്നു. ഷൂട്ടിങ് കഴിയുമ്പോഴേക്കും വീട്ടിലേക്ക് ഓടിയെത്തും. വന്നുകഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ ആഘോഷമാണ്. കുട്ടികളെ പഠിപ്പിക്കും. ചില മാതൃകാ ചോദ്യപേപ്പറുകളൊക്കെ കൊടുത്തിട്ട് ഇത് പഠിക്കാന്‍ പറയും. എല്ലാ വീക്കെന്‍ഡിലും കുടുംബത്തെയും കൂട്ടി പുറത്തുപോവും. മലയാള സിനിമയിൽ ഒട്ടേറെ സൗഹൃദ ബന്ധത്തിന് കൂടി ഉടമയായിരുന്നു സൈനുദീൻ.

Exit mobile version