തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മധ്യവയസ്കന്റെ മൃതദേഹം അഴുകിയതായി ആരോപണം. ശനിയാഴ്ച രാവിലെ തുമരക്കാവിൽ വെച്ച് ട്രയിൻ തട്ടി മരണപ്പെട്ട പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാവുങ്കമണ്ണിൽ നാസറിൻെറ (58) മൃതദേഹമാണ് മോർച്ചറിയിൽ അഴുകിയതായി പറയുന്നത്. മോർച്ചറിയിലെ ശീതീകരണ സംവിധാനം പ്രവർത്തിപ്പിക്കുന്നതിൽ ആശുപത്രി അധികൃതർ വരുത്തിയ വീഴ്ചയാണ് മൃതദേഹം അഴുകാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ശനിയാഴ്ച രാവിലെ ട്രെയിൻ തട്ടി മരണപ്പെട്ട നാസറിന്റെ ബന്ധുക്കൾ ഞായറാഴ്ച രാത്രിയോടെയാണ് ആശുപത്രി മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം അഴുകിയ ദുർഗന്ധം വമിക്കുന്ന വിധത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ട്രെയിൻ തട്ടി മരണം സംഭവിച്ചതിനാൽ ധാരാളം മുറിവുകൾ ഉണ്ടാവുകയും ആന്തരിക അവയവങ്ങൾ ഉൾപ്പടെ പുറത്തായിരുന്നും ഡോക്ടർ പറഞ്ഞു. മതിയായ മുഴുവൻ സൗകര്യങ്ങളും ഒരുക്കിയിരുന്നതായും വീഴ്ച വരുത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മോർച്ചറിയിലെത്തിയ ഡോക്ടർമാരുമായി ബന്ധുക്കൾ വാക്കേറ്റമുണ്ടായി. മൃതദേഹത്തോട് കാണിക്കുന്ന ഇത്തരത്തിലുള്ള അനാദരവിന് നിസാരമായി കാണാൻ കഴിയില്ലെന്നും ആരോപണമുയർന്നു.രണ്ട് മാസം മുൻപും മോർച്ചറിയിൽ സൂക്ഷിച്ച അഥിതി തൊഴിലാളിയുടെ മൃതദേഹം അഴുകിയതായി ആക്ഷേപമുയർന്നിരുന്നു.
മോർച്ചറിയിൽ സൂക്ഷിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാനായി എത്തിയിരുന്നത്. അന്ന് മോർച്ചറിയിലെ ശീതീകരണ സംവിധാനം തകരാർ ആയിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. അതിനെ തുടർന്ന് കോടുപാടുകൾ തീർത്ത് ഉപയോഗയോഗ്യമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഫ്രീസർ വീണ്ടും ഉപയോഗിക്കാൻ തുടങ്ങിയതെന്നും അധികൃതർ പറഞ്ഞു. നിലവിൽ 6 മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്നതും ഒരു മൃതുദേഹം മാത്രം സൂക്ഷിക്കാൻ കഴിയുന്നതുമായ രണ്ട് ഫ്രീസറുകളാണ് തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലുള്ളത്. അതിൽ ഒരു മൃതദേഹം മാത്രം സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറിലാണ് നാസറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. എന്നാൽ മൃതദേഹം പുറത്തെടുത്തതിന് ശേഷവും മൃതദേഹത്തിൽ നിന്നും രക്തം ഒഴുകുന്ന അവസ്ഥയിലായിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു. മോർച്ചറിയുടെ പ്രവർത്തനത്തിൽ തുടർച്ചയായി പരാതി ഉയർന്നിട്ടും അറിഞ്ഞെല്ലെന്ന് നടിക്കുകയാണ് അധികൃതരെന്നും ആക്ഷേപമുണ്ട്.