Site iconSite icon Janayugom Online

കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപണം

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപണം. കേസ് രജിസ്റ്റര്‍ ചെയ്തിട്ട് പത്ത് മാസം കഴിഞ്ഞിട്ടും കുറ്റപത്രം എങ്ങുമെത്തിയില്ലെന്നും കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് സാക്ഷിയായ കെ സുന്ദര പറഞ്ഞു. 

ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ് അന്വേഷിക്കുന്നത്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന വിവി രമേശന്‍ ആയിരുന്നു സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന തനിക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിന് രണ്ട് ലക്ഷം രൂപയും ഫോണും നല്‍കിയെന്നായിരുന്നു സുന്ദര വെളിപ്പെടുത്തിയത്.

കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടക്കത്തില്‍ മൊഴിയെടുപ്പ് ഉള്‍പ്പടെ നടന്നെങ്കിലും ഇപ്പോള്‍ അന്വേഷണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കേസില്‍ സാക്ഷിയായ സുന്ദരയുടെ ജീവന് ഭീഷണിയുള്ളതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പിന്‍വലിച്ചു.

കേസിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സുന്ദര പറയുന്നു. കേസില്‍ പ്രധാന പ്രതിയാണ് കെ സുരേന്ദ്രന്‍. കേസില്‍ നിര്‍ണായക തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. കൂടാതെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത് കെ സുരേന്ദ്രന്‍ കാസര്‍കോട് താമസിച്ച ഹോട്ടലില്‍ വച്ചായിരുന്നു. ഈ ഹോട്ടലില്‍ സുരേന്ദ്രന്‍ താമസിച്ചിട്ടില്ല എന്നായിരുന്നു മൊഴി.

ഇത് കളവമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാനനേതാവും കെ സുരേന്ദ്രന്‍ അടുത്ത ആളുമായ സുനില്‍ നായിക്കാണ് സുന്ദരയ്ക്ക് കോഴ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തിരുന്നു. മുന്‍ ജില്ലാ പ്രസിഡന്റ് വിബാലകൃഷ്ണ ഷെട്ടി, സുനില്‍ നായിക് എന്നിവരുള്‍പ്പെടെ ആറ് നേതാക്കളെയാണ് പ്രതി ചേര്‍ത്തത്.

Eng­lish Sum­ma­ry: It is alleged that the inves­ti­ga­tion in the Man­jeswaram bribery case against K Suren­dran did not reach anywhere

You may also like this video:

Exit mobile version