Site iconSite icon Janayugom Online

എംപി രണ്ടുതവണ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപണം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്ത് വന്ന എല്‍ജെപി (രാംവിലാസ്) എംപി ശാംഭവി ചൗധരിയുടെ രണ്ട് കയ്യിലും മഷിയടയാളം. ശാംഭവി രണ്ട് തവണ വോട്ട് രേഖപ്പെടുത്തിയെന്നാണ് ആര്‍ജെഡിയുടെ ആരോപണം. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്ത് വന്ന അവരുടെ രണ്ട് കൈകളിലും മഷി പുരണ്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ഇത് മനസിലാക്കിയ പിതാവ് അശോക് ചൗധരി കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളില്‍ കണ്ടുവെന്നും ശാംഭവിയുടെ വീഡിയോ പങ്ക് വെച്ച് കൊണ്ട് ആര്‍ജെഡി വക്താവ് കാഞ്ചന യാദവ് പറഞ്ഞു. 

വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി ശാംഭവിയും ജില്ലാഭരണകൂടവും രംഗത്തെത്തി . പോളിങ് ഓഫിസറുടെ പിഴവ് മൂലമാണ് ഇരു കൈകളിലും മഷി പുറണ്ടതെന്നാണ് ശംഭവി പറയുന്നത്. ഒരു പോളിങ് ഓഫിസര്‍ അബദ്ധത്തില്‍ വലതുകയ്യില്‍ മഷി പുരട്ടി . എന്നാല്‍ പ്രിസൈഡിങ് ഓഫിസര്‍ ഇത് തിരുത്തുകയും പകരം ഇടതുകയ്യില്‍ മഷി പുരട്ടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് ഇരു കൈകളിലും മഷിപ്പാടുണ്ടായതെന്നാണ് ശാംഭവിയുടെ വാദം.
സമസ്തിപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശാംഭവി മാതാപിതാക്കളായ അശോക് ചൗധരിക്കും നീത ചൗധരിക്കുമൊപ്പമായിരുന്നു ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് കൂടിയാണ് അശോക് ചൗധരി. 

Exit mobile version