Site icon Janayugom Online

കോവിഡിന് ശേഷം യുവജനങ്ങൾക്ക് ഇടപഴകാൻ കായികരംഗം സജ്ജമാകുന്നത് ആശാവഹം: കളക്ടര്‍

ആലപ്പുഴ: വീടുകളിൽ അടച്ചുകഴിയേണ്ടി വന്ന രണ്ടു കോവിഡ് വർഷങ്ങൾക്കു ശേഷം യുവജനങ്ങൾക്ക് ആരോഗ്യകരമായി ഇടപഴകാൻ കായികരംഗം സജ്ജമാകുന്നതു ആശാവഹമാണെന്നു ജില്ലാ കളക്ടർ ഡോ. രേണുരാജ് പറഞ്ഞു. 83-ാമത് ജൂനിയർ ആൻഡ് യൂത്ത് നാഷണൽ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.

വൈഎംസിഎയിൽ നടന്ന ഉദ്ഘാടന സമ്മേളത്തിൽ ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടിടിഎകെ) പ്രസിഡന്റ് എൻ ഗണേശൻ അധ്യക്ഷത വഹിച്ചു. ടിടിഎകെ ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി, എഡിടിടിഎ പ്രസിഡന്റ് ഡോ. ബിച്ചു എക്സ് മലയിൽ എന്നിവർ സംസാരിച്ചു. ആതിഥേയ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ടേബിൾ ടെന്നിസ് താരം റീവ അന്ന മൈക്കിൾ കളിക്കാർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ആലപ്പുഴ വൈഎംസിഎ ടേബിൾ ടെന്നിസ് അക്കാഡമി എൻ സി ജോൺ മെമ്മോറിയൽ അരീനയിലും പി ഒ ഫിലിപ്പ് മെമ്മോറിയൽ ബാസ്ക്കറ്റ്ബോൾ ഫ്ളഡ്ലിറ്റ് കോംപ്ലക്സിൽ താത്കാലികമായി തയാറാക്കിയ അരീനയിലുമായിട്ടാണ് മത്സരം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളിൽ ഒരേസമയം രണ്ടു അരീനകളിലായി 17 പുതിയ ടേബിളിലാണ് താരങ്ങൾ ഏറ്റുമുട്ടുന്നത്. ആദ്യത്തെ മൂന്നു ദിവസം പെൺകുട്ടികളുടെ വിഭാഗം മത്സരങ്ങളാണ് നടത്തുന്നത്.

തുടർന്നു ആൺകുട്ടികളുടെ മത്സരങ്ങൾ തുടങ്ങും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ആൺകുട്ടികളും പെൺകുട്ടികളുമായി 500 ലേറെ കളിക്കാർ പങ്കെടുക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ പരിപാടികളും. ലാവോസിൽ സെപ്റ്റംബർ ഒന്നു മുതൽ ആറു വരെ നടത്തുന്ന ഏഷ്യൻ ജൂനിയർ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്സിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിനെ ആലപ്പുഴ ചാമ്പ്യൻഷിപ്പ്സിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്.

Exit mobile version