വർത്തമാന കാലത്തെ വെല്ലുവിളികൾ നേരിടാന്‍ പുതുതലമുറയെ സജ്ജരാക്കുകയെന്നത് ഏറെ പ്രധാനമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ സംഘടിപ്പിക്കപ്പെടുന്ന നൈപുണ്യ വികസന കരിയര്‍ ആസൂത്രണ സെന്ററുകളുടെ ആദ്യത്തെ ഗ്രൂപ്പിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തില്‍ യുവതലമുറയെ പ്രാപ്തമാക്കുവാന്‍ പാഠ്യപദ്ധതി പരിഷ്‌ക്കാരം അടക്കം കേരളത്തില്‍ നടപ്പാക്കിവരുകയാണ്.
പുതിയ പാഠ്യപദ്ധതി യുവാക്കളെ ശാക്തീകരിക്കുക മാത്രമല്ല, ആധുനിക സമ്പത്ത് വ്യവസ്ഥയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള വിദഗ്ധരും കഴിവുറ്റവരുമായി പരുവപ്പെടുത്തുകയും ഇന്നവേഷനും ഗവേഷണത്തിനും അവരെ പ്രോഹത്സാഹിപ്പിക്കുകയും ചെയ്യും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ മാതൃകാ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് കേരള സര്‍ക്കാര്‍ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.