Site iconSite icon Janayugom Online

ദൃശ്യക്കൊലക്കേസ് പ്രതി കേരളം വിട്ടതായി സൂചന; അന്വേഷണം കർണാടകയിലേക്ക്

കോഴിക്കോട് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷ് സംസ്ഥാനം വിട്ടതായി സൂചന. ഇതോടെ അന്വേഷണം കർണാടകയിലേക്ക് നീളുകയാണ്. കുതിരവട്ടത്ത് നിന്ന് ചുമര് തുരന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ രക്ഷപ്പെട്ടിട്ട് ഇത് അഞ്ചാംദിവസമാണ്. ഇത് രണ്ടാം തവണയാണ് പ്രതി കുതിരവട്ടത്ത് നിന്ന് രക്ഷപെടുന്നത്.

2022ല്‍ ആദ്യം രക്ഷപെട്ടപ്പോള്‍ കര്‍ണാടകയില്‍ നിന്നാണ് വിനീഷിനെ പിടികൂടിയത്. അതുകൊണ്ട് തന്നെ ഇക്കുറിയും കര്‍ണാടക കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിനീഷിന് രക്ഷപ്പെടാന്‍ മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ല. തനിച്ചാണ് ശുചിമുറിയുടെ ചുമര്‍ തുരന്ന് ചുറ്റുമതില്‍ ചാടികടന്ന് പുറത്തെത്തിയത്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 2021ലാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ദൃശ്യയെ വിനീഷ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന വിനീഷീനെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ, കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.

ഡിസംബർ പത്താം തീയതിയാണ് വിനീഷിനെ വീണ്ടും കുതിരവട്ടത്ത് എത്തിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായ വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാലാണ് വീണ്ടും കുതിരവട്ടത്തെ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

Exit mobile version