ജീവനോടെ ഞാൻ ജയിലിൽ നിന്ന് പുറത്തുവന്നു എന്നത് ഒരത്ഭുതമാണ് എന്ന് പറഞ്ഞത് 10വർഷത്തെ തടവ് ജീവിതത്തിൽ നിന്ന് പുറത്തിറങ്ങിയ കോളജ് അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ജി എൻ സായിബാബ മാധ്യമങ്ങളോട് പറഞ്ഞതാണ്. ഈ വർഷം മാർച്ച് അഞ്ചിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തനാക്കിയതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്. മാർച്ച് എട്ടിനായിരുന്നു അദ്ദേഹവും ഭാര്യ വസന്തകുമാരിയും വാർത്താ സമ്മേളനത്തിനെത്തിയത്. ആരെങ്കിലും കൂടെയില്ലെങ്കിൽ സഞ്ചരിക്കാനാകാത്തവിധം അവശനായിരുന്നു സായിബാബ. പക്ഷേ ജയിലിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും ഏഴ് മാസത്തെ സ്വതന്ത്ര ജീവിതത്തിനുശേഷം കഴിഞ്ഞ ദിവസം അദ്ദേഹം കടന്നുപോയിരിക്കുന്നു. ജയിലിന് പുറത്തെത്തിയെങ്കിലും ഒരർത്ഥത്തിൽ അതും ഒരു രക്തസാക്ഷിത്വമായി മാറുന്നു.
നഗര നക്സലുകൾ എന്ന് മുദ്രചാർത്തിയും ഭീമാ കൊറേഗാവ് വാർഷിക നാൾ നടന്ന സംഭവത്തിന്റെ പേരിലും ജയിലിൽ കഴിയുന്ന നിരവധി പേരിൽ ഒരാളായിരുന്നു സായിബാബ എന്ന 90 ശതമാനം ശാരീരിക പരിമിതിയുള്ള ബുദ്ധിജീവിയായ എഴുത്തുകാരന്‍. ഇതേകാരണങ്ങളാൽ ജയിലിൽ കഴിയുന്ന വേളയിലായിരുന്നു വയോധികനായ സ്റ്റാൻ സ്വാമി ചികിത്സയും സൗകര്യങ്ങളും നിഷേധിക്കപ്പെട്ട് രക്തസാക്ഷിയായത്. അതിന് സമാനമായിരുന്നു ജയിലിൽ സായിബാബയുടെ സാഹചര്യങ്ങളും. ചക്രക്കസേരയിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന അദ്ദേഹം 10വർഷത്തോളമാണ് വിചാരണയും ശിക്ഷയുമായി നാഗ്പൂർ സെൻട്രൽ ജയിലിൽ ഏകാന്ത തടവനുഭവിച്ചത്.
ആന്ധ്രാപ്രദേശിലെ അമലാപുരത്ത് ഒരു കായൽ ഗ്രാമത്തിലാണ് ഗോകരകൊണ്ട നാഗ സായിബാബ എന്ന ജി എൻ സായിബാബ ജനിച്ചത്. അഞ്ചാം വയസിൽ പോളിയോ ബാധിച്ചെങ്കിലും പഠനത്തിൽ മിടുക്കനായി. പത്താം ക്ലാസിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൈപ്പത്തിയിൽ ചെരുപ്പണിഞ്ഞ് ഇഴഞ്ഞായിരുന്നു ആദ്യകാല ജീവിതം. 2008 വരെ അങ്ങനെതന്നെ തുടർന്നു. പിന്നീടാണ് ചക്രക്കസേരയിലേക്ക് ജീവിതം മാറുന്നത്. ഹൈദരാബാദിൽ നിന്ന് ആർട്സിൽ ബിരുദാനന്തര ബിരുദം നേടി. 1991ൽ ഇംഗ്ലീഷ് ടീച്ചിങ് ബിരുദാനന്തര ഡിപ്ലോമ നേടുന്നതിനായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജിൽ ചേർന്നു. ഈ വകുപ്പിൽ സ്ഥിരം ഫാക്കൽറ്റിയായി ജോലി ചെയ്യുന്നതിനിടെ 2014 മേയ് ഒമ്പതിനാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്.
രാജ്യത്തെ ഭരണകൂട ഭീകരതയുടെ ശത്രുതാ മനോഭാവവും അതിന് വിധേയമാകുന്ന നീതിന്യായ വ്യവസ്ഥയുടെ വീഴ്ചകളും വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ജയിൽ ശിക്ഷ. സ്വന്തം എഴുത്തുകളും കൈവശം വച്ച പുസ്തകങ്ങളും തെളിവായെടുത്ത് നിരോധിത നക്സൽ പ്രസ്ഥാനങ്ങളുമായി ബന്ധമാരോപിച്ചാണ് അറസ്റ്റ് ചെയ്യുന്നത്. അതേ തെളിവുകൾ വച്ച് യുഎപിഎ പ്രകാരം കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് 2015 ഏപ്രിൽ ആറിന് അനുമതി ലഭിക്കുന്നു. 2017 മാർച്ച് മൂന്നിനാണ് അദ്ദേഹത്തെയും മറ്റ് അഞ്ച് പേരെയും മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷൻസ് കോടതി ശിക്ഷിക്കുന്നത്. 10വർഷത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്.
മാർച്ച് 20ന് തന്നെ ബോംബെ ഹൈക്കോടതിയിൽ ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകി. 2022 ഒക്ടോബർ 14ന് എല്ലാവരെയും കുറ്റവിമുക്തരാക്കി അപ്പീൽ തീർപ്പാക്കിയെങ്കിലും അവധിയായിരുന്നിട്ടും അടുത്ത ദിവസം തന്നെ ബിജെപിയുടെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഒക്ടോബർ 15ന് കുറ്റവിമുക്തരാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കുന്നു. 2023 ഏപ്രിലിൽ സുപ്രീം കോടതിയുടെ ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ബോംബെ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് സായിബാബയുടെ ഹർജി പരിഗണിക്കണമെന്ന് നിർദേശിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അപ്പീൽ പരിഗണിക്കുകയും വിചാരണ നടപടികളും ശിക്ഷാവിധിയും റദ്ദാക്കുകയുമായിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സർക്കാർ വീണ്ടും സുപ്രീം കോടതി മുമ്പാകെ അപ്പീൽ നൽകിയെങ്കിലും ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് സായിബാബയെയും മറ്റുള്ളവരെയും വിട്ടയച്ച നടപടി റദ്ദാക്കാൻ തയ്യാറായില്ല. 2014ൽ അറസ്റ്റ് ചെയ്യപ്പെട്ട സായിയാബ ഇതിനകം തന്നെ 10വർഷത്തോളം ജയിലിലായിരുന്നു. 2017ൽ പ്രഖ്യാപിക്കപ്പെട്ട ശിക്ഷാവിധിയിൽ 10വർഷത്തെ ജയിൽ വാസമായിരുന്നു നിർദേശിച്ചിരുന്നത്. എന്നിട്ടും നാഗ്പൂർ കോടതി വെറുതെവിട്ടപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയാണ് ബിജെപി സർക്കാർ ചെയ്തത്. ഈ നടപടിക്രമങ്ങളിൽ നിന്നുതന്നെ ശത്രുതാ മനോഭാവം വ്യക്തമാണ്.
വ്യക്തമായ തെളിവുകളും വിചാരണയ്ക്കുപോലും സാധുതയുമില്ലെന്ന് കണ്ടെത്തി സർക്കാർ കെട്ടിച്ചമച്ച ഒരു കേസിന്റെ പേരിൽ 10വർഷ ജയിൽ വാസം കഴിഞ്ഞ് കുറ്റാരോപിതർ വിട്ടയ്ക്കപ്പെടുകയാണ്. അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത് പരിശോധിക്കപ്പെടുന്നില്ലെന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പോരായ്മതന്നെയാണ്. അതുകൊണ്ടാണ് അധികാരത്തിന്റെ പിൻബലവും ശത്രുതാ മനോഭാവവും വച്ച് സർക്കാരുകൾ എത്രയോപേരെ ജയിലിൽ അടച്ചിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ കുറ്റകൃത്യ നിഘണ്ടുവിൽ രൂപപ്പെട്ട സംജ്ഞയാണ് നഗര നക്സലുകൾ എന്നത്. ഈ പേരുചാർത്തിയാണ് സായിബാബ ഉൾപ്പെടെയുള്ളവരെ ജയിലിൽ അടച്ചത്. നക്സലുകൾ, മാവോയിസ്റ്റുകൾ എന്നൊക്കെ മുദ്രകുത്തി നിരവധി പേരെ വ്യാജ ഏറ്റുമുട്ടലുകളിലൂടെയും കൊലപ്പെടുത്തുന്നു. ഇതിലാകട്ടെ നിത്യജീവിതത്തിനുപോലും വകയില്ലാത്ത ആദിവാസികളും ഗോത്ര വിഭാഗക്കാരുമാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഢിൽ 30ലധികം പേരെ നക്സലുകൾ എന്ന പേരിൽ കൊന്നുതള്ളിയത്. അതിൽ എത്ര സാധാരണ ഗ്രാമീണരുണ്ട് എന്ന വിവരം പുറത്തുവരാനിരിക്കുന്നതേയുള്ളു. ഇങ്ങനെ പൗരന്മാരെ ജയിലിൽ അടയ്ക്കുകയും കൊന്നുതള്ളുകയും ചെയ്യുന്ന പ്രക്രിയ ഫാസിസ്റ്റ് സർക്കാരിന് കീഴിൽ ആവർത്തിക്കുകയാണ്.
അതിനിടയിലാണ് 57 വർഷത്തെ ജീവിതത്തിൽ ആദ്യ അഞ്ച് വർഷമൊഴികെ ഇഴഞ്ഞും ചക്രക്കസേരയിലും ജീവിച്ച, അതിനിടയിലെ 10വർഷം ഏകാന്ത തടവിൽ ചെലവിടേണ്ടിവന്ന സായിബാബ മരണത്തിന്റെ തടവറയിലേക്ക് പോയിരിക്കുന്നത്. തടവിൽ നിന്നിറങ്ങി, അതുസമ്മാനിച്ച ശാരീരികാവശതകളുമായി അദ്ദേഹം ജീവിക്കുകയായിരുന്നില്ല, ജീവിതത്തോട് മല്ലിടുകയായിരുന്നു. അതുകൊണ്ടുതന്നെ സ്റ്റാൻ സ്വാമിയെ പോലെ സായിബാബയുടെ മരണവും രക്തസാക്ഷിത്വം തന്നെയാണ്.