രാജ്യത്തെ 25 ഹൈക്കോടതികളിലെ 749 ജഡ്‌ജിമാരിൽ 98 പേർ (13 ശതമാനം) മാത്രമേ അവരുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളുവെന്ന് റിപ്പോർട്ട്. ഹൈക്കോടതികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ച് ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. സ്വത്ത് വെളിപ്പെടുത്തിയവർ അധികവും കേരള, പഞ്ചാബ്–-ഹരിയാന, ഡൽഹി ഹൈക്കോടതികളിൽ നിന്നുള്ള ജഡ്‌ജിമാരാണ്.
കേരളഹൈക്കോടതിയിലെ 39 ജഡ്‌ജിമാരിൽ 37 പേരും സ്വത്ത് വെളിപ്പെടുത്തി. പഞ്ചാബ്–-ഹരിയാന ഹൈക്കോടതിയിലെ 55 ജഡ്‌ജിമാരിൽ 31 പേരും ഡൽഹി ഹൈക്കോടതിയിലെ 39ൽ 11 പേരും സ്വത്തുവിവരം പുറത്തുവിട്ടു. ഹിമാചൽപ്രദേശ്, ഛത്തീസ്‌ഗഢ്, കർണാടക, മദ്രാസ് ഹൈക്കോടതികളിലെ ജഡ്‌ജിമാരിൽ ചിലരും ഈ പട്ടികയിലുണ്ട്. ജഡ്‌ജിമാർ അവരുടെ ആസ്‌തി, ബാധ്യത മുഴുവൻ വെളിപ്പെടുത്തണമെന്ന് നിയമമില്ല. എന്നാൽ, സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ ആസ്‌തി, ബാധ്യത വെളിപ്പെടുത്തുന്നത് നിർബന്ധമാക്കി നിയമം കൊണ്ടുവരണമെന്ന് പാർലമെന്റിന്റെ പേഴ്‌സണൽ, പബ്ലിക്ക് ഗ്രീവിയൻസസ്, ലോ ആൻഡ് ജസ്‌റ്റിസ് കമ്മിറ്റി 2023ൽ ശുപാർശ ചെയ്‌തു. ഇതേതുടർന്ന്, സുപ്രീംകോടതിയിലെ 33 ജഡ്‌ജിമാരിൽ 27 പേർ ആസ്‌തി, ബാധ്യത വിവരങ്ങൾ വെളിപ്പെടുത്തി.
സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡും ആസ്‌തി വെളിപ്പെടുത്തി.18 ഹൈക്കോടതികളിൽനിന്നും വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയെങ്കിലും ആസ്‌തി വെളിപ്പെടുത്താൻ തയാറായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിവരാവകാശനിയമം ബാധകമല്ലെന്ന് അലഹബാദ്, ബോംബെ ഹൈക്കോടതികളും ആസ്‌തിവിവരം നൽകുന്നതിനോട് വിയോജിപ്പാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയും മറുപടി നൽകി. ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, തെലങ്കാന ഹൈക്കോടതികളും വിവരങ്ങൾ കൈമാറാൻ സാധിക്കില്ലെന്ന് പ്രതികരിച്ചു.