Site iconSite icon Janayugom Online

ഗുരുവായൂർ ദേവസ്വം ചട്ട വിരുദ്ധമായി പണം നിക്ഷേപിച്ചെന്ന് റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വം സിംഗപ്പൂർ ബാങ്കിൽ 117 കോടിയോളം ചട്ട വിരുദ്ധമായി നിക്ഷേപിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട്. പേരകം, എരിമയൂർ സഹകരണ ബാങ്കുകളില്‍ 17 ലക്ഷത്തോളം രൂപയുടെയും നിക്ഷേപം.
ഗുരുവായൂർ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ വിശദീകരണം. ഇസാഫിൽ ഗുരുവായൂർ ദേവസ്വം നിക്ഷേപിച്ചത് 63 കോടിയോളം രൂപയാണ്. ശേഷിക്കുന്ന തുക ഷെഡ്യൂൾഡ് ബാങ്കുകളിലും റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ്. 

അതേസമയം ഗുരുവായൂർ ദേവസ്വത്തിന്റെ 60 ശതമാനം പണവും ദേശസാല്‍കൃത ബാങ്കുകളിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് ഹർജി നൽകിയത്. പണം ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദേശിക്കണമെന്നും ദേവസ്വം സ്വത്തുക്കളുടെ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണമെന്നും ഇതിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വത്തിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ വിശദീകരണ പത്രിക നൽകണമെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ദേവസ്വത്തിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സ്വമേധയ സ്വീകരിച്ച ഹർജിക്കൊപ്പം ഇതും പരിഗണിക്കാൻ മാറ്റി. 

Exit mobile version