Site iconSite icon Janayugom Online

അറസ്റ്റിലായ വനിതാ ഡോക്ടർ ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാ​ഗത്തിന്റെ ഇന്ത്യയിലെ നേതാവെന്ന് റിപ്പോർട്ട്

ഫരീദാബാദിൽ ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടർ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവർക്ക് നൽകിയിരുന്നതായി ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെയ്‌ഷെ ഇഎം സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജെയ്‌ഷെ ഇഎമ്മിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൾ മൊമിനാത്തിന്റെ ഇന്ത്യൻ ബ്രാഞ്ചിന്റെ ചുമതല ഡോ. ഷഹീൻ ഷാഹിദിന് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. സാദിയ അസ്ഹറിന്റെ ഭർത്താവ് യൂസഫ് അസ്ഹർ കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു, മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിനിടെ ഇയാൾ കൊല്ലപ്പെട്ടു.

ലഖ്‌നൗവിലെ ലാൽ ബാഗ് നിവാസിയാണ് ഷഹീൻ ഷാഹിദ് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫരീദാബാദിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരവാദ മൊഡ്യൂൾ തകർത്തതിനു പിന്നാലെയും അവരുടെ കാറിൽ നിന്ന് ഒരു അസോൾട്ട് റൈഫിൾ കണ്ടെടുത്തതിനുശേഷവുമാണ് അവരെ അറസ്റ്റ് ചെയ്തത്. ഷഹീൻ അൽ-ഫലാഹ് സർവകലാശാലയുടെ ഭാഗമാണെന്നും ഫരീദാബാദിലെ രണ്ട് വാടക മുറികളിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും കത്തുന്ന വസ്തുക്കളും കണ്ടെടുത്തതിനെത്തുടർന്ന് അറസ്റ്റിലായ മുസൈബ് എന്ന കശ്മീരി ഡോക്ടർ മുസമ്മിലുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്.

ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ മുസമ്മിൽ ദില്ലിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ധൗജിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡോക്ടറായിരുന്നു. ജെയ്‌ഷെ-ഇ‑മുഹമ്മദിനെ പിന്തുണച്ച് ശ്രീനഗറിൽ പോസ്റ്ററുകൾ പതിച്ച കേസിൽ ജമ്മു കശ്മീർ പൊലീസ് മുസമ്മിലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

അസോൾട്ട് റൈഫിൾ, പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിച്ച കാർ ഷഹീൻ ഷാഹിദിനുടേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version