റഷ്യന്‍ ശതകോടീശ്വരനായ റോമന്‍ അബ്രമോവിച്ചിന് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. കീവിലെ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷമാണ് അബ്രമോവിച്ചിന് ലക്ഷണങ്ങള്‍ പ്രകടമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രെയ്ന്‍-റഷ്യ ചര്‍ച്ചയില്‍ അനൗദ്യോഗിക മധ്യസ്ഥനായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് റോമന്‍ അബ്രമോവിച്ച്.
അദ്ദേഹത്തിന്റെ കണ്ണുകള്‍ നീരുവെച്ച് ചുവപ്പ് നിറമാകുകയും കൈയിലേയും മുഖത്തേയും ത്വക്ക് ഇളകി വരുകയും ചെയ്യുന്നുണ്ട്. ഈ ലക്ഷണങ്ങള്‍ വിഷബാധയുടേതാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. അബ്രമോവിച്ചിനെക്കൂടാതെ സമാധാന ചര്‍ച്ചകളില്‍ പങ്കെടുത്ത രണ്ട് ഉക്രെയ്‍ന്‍ നയതന്ത്രജ്ഞരും വിഷബാധയുടെ നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അബ്രമോവിച്ചിന് വിഷബാധയേറ്റന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‍കോവ് അറിയിച്ചു. ഉക്രെയ്‍നും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, സമാധാന സന്ദേശമയച്ച ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കിക്കെതിരെ വ്ലാദിമിര്‍ പുടിന്‍ പ്രകോപനപരമായ മറുപടി നല്‍കിയതായി അബ്രമോവിച്ച് പറഞ്ഞു. ഞാന്‍ അവരെ തകര്‍ത്തു കളയുമെന്ന് പറഞ്ഞേക്കു എന്നാണ് പുടിന്‍ മറുപടി നല്‍കിയതെന്ന് റോമൻ അബ്രമോവിച്ച് വെളിപ്പെടുത്തയതായി ബ്രിട്ടീഷ് ദിനപത്രമായ ദ ടെെംസ് റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം അവസാനിപ്പിക്കണമെന്ന സെലൻസ്‍കിയുടെ കൈപ്പടയിലെഴുതിയ കുറിപ്പ് അബ്രമോവിച്ച് പുടിനു കൈമാറിയിരുന്നു. ഇത് വായിച്ചതിനു ശേഷമാണ് പുടിൻ മറുപടി നൽകിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
English Summary: It is suspected that Roman Abramovich was poisoned
You may like this video also