കരൂർ ദുരന്തത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അപവാദങ്ങൾ പ്രചരിപ്പിക്കരുത്, വീഡിയോ സന്ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി. വ്യാജ പ്രചാരണം നടത്തരുത്. ഏത് പാർട്ടിയിൽ പെട്ടത് ആയാലും മരിച്ചത് തമിഴ്നാട്ടിലെ ജനങ്ങളാണ്. ആരെയും കുറ്റപ്പെടുത്താൻ ഉള്ള സമയം അല്ല. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തമിഴ്നാട്ടിൽ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാൻ പാടില്ല. അതിനു വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. പരുക്കേറ്റ് ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻതന്നെ ധനസഹായം നൽകും.
നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനി ഇത്തരം സമ്മേളനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കണമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. ജുഡീഷ്യൽ കമ്മീഷൻ നീതിയുക്തമായ അന്വേഷണം നടത്തും. അപകടത്തിനുള്ള കാരണം കണ്ടെത്തും. ഒരു രാഷ്ട്രീയപാർട്ടി നേതാവും ഇത്തരമൊരു ദുരന്തം ആഗ്രഹിക്കുന്നില്ല. മരിച്ചവർ ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉൾപ്പെട്ടവരായാലും തന്നെ സംബന്ധിച്ച് അത് തമിഴ് സഹോദരങ്ങളാണ്. രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ജനങ്ങളുടെ നന്മകളെ പറ്റി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

