താരസംഘടനയായ അമ്മയുടെ തലപ്പത്ത് ശ്വേതമേനോൻ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് നടി ഉഷ ഹസീന. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വ്യക്തിപരമായി ശ്വേതയോട് ഇഷ്ടക്കേടില്ല. എന്നാൽ, അവർ പറഞ്ഞ് രണ്ട് കാര്യങ്ങൾ ഉള്‍ക്കൊള്ളാനാവില്ല. അത് അമ്മയിലെ അംഗങ്ങളും അറിയട്ടെ. ഹേമകമ്മിറ്റി റിപ്പോർട്ടിൽ ഒരുചുക്കും സംഭവിക്കുന്നില്ലെന്നതാണ് ഒന്നാമത്തേത്. മോഹൻലാലും മമ്മൂക്കയും ഇല്ലെങ്കിൽ അമ്മയില്ല. അതിനൊപ്പം ഇടവേളബാബു കൂടെ കസേരയിൽവന്നിരുന്നാൽ മാത്രമേ സംഘടനയുണ്ടാവൂവെന്നാണ് ശ്വേത പറഞ്ഞത്. ഇങ്ങനെ ചിന്താഗതിയുള്ളവരാണോ അമ്മയെ നയിക്കേണ്ടത്. സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനും സ്ത്രീകൾക്കുവേണ്ടി ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമായിരിക്കെയാണ് നടിയെ ആക്രമിച്ച കേസ് ഉൾപ്പെടെയുണ്ടായത്. അപ്പോഴെന്നും സ്ത്രീകൾക്കുവേണ്ടി ശബ്ദമുയർത്തിയില്ല. കഴിഞ്ഞകാലത്ത് ഹേമകമ്മിറ്റി റിപ്പോർട്ട് വന്നപ്പോഴും സംസാരിച്ചില്ല.
കുക്കുപരമേശ്വരൻ സ്ത്രീകളായ കുറച്ചുപേരെ വിളിച്ചുപറഞ്ഞത് ഡബ്ല്യൂസിസി അമ്മയിലെ സ്ത്രീകൾക്കുവേണ്ടി കരയേണ്ട. അമ്മയിൽ നിങ്ങളുടെ പ്രശ്നംചർച്ചചെയ്യാമെന്ന് പറഞ്ഞ് കൊച്ചിയിലേക്ക് വിളിപ്പിച്ചു. അന്ന് ചർച്ചക്ക് എത്തിയത് 12 സ്ത്രീകൾ മാത്രമാണ്. പരാതികൾ പറയുന്നതിനിടെ രണ്ട് കാമറവെച്ച് ദൂരെനിന്ന് ഷൂട്ട് ചെയ്തു. ഇത് ചോദിച്ചപ്പോൾ ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രശ്നങ്ങൾ എത്തിക്കാനെന്നായിരുന്നു മറുപടി. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അമ്മയിൽ കംപ്ലയന്‍റ് സെൽ രൂപവത്കരിച്ചുവെന്ന് ടി.വിയിൽഫ്ലാസ് ന്യൂസ് കാണിച്ചു. അത് അംഗീകരിക്കില്ലെന്ന് അപ്പോൾ തന്നെ ഉത്തരവാദിത്തമുള്ള ഭാരവാഹികളെ അറിയിച്ചു. ബാബുരാജ് ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കട്ടെ. ആരോപണങ്ങൾ നിലനിൽക്കെയാണ് ബാബുരാജ് വൻഭൂരിപക്ഷത്തോടെ ജോയന്‍റ് സെക്രട്ടറിയായത്. പ്രസിഡൻറ് സ്ഥാനത്തേക്ക് വരുന്ന സ്ത്രീകൾ അർഹതപ്പെട്ടവരാവണമെന്നും അവർ പറഞ്ഞു.

