Site icon Janayugom Online

ഐടി നിയമത്തില്‍ വീണ്ടും തിരിച്ചടി; ഒമ്പതാം ചട്ടം ബോംബെ ഹൈക്കോടതി റദ്ദാക്കി

പുതിയ ഐടി നിയമത്തിലെ ഒമ്പതാം ചട്ട പ്രകാരമുള്ള നടപടിക്രമങ്ങൾ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡിജിറ്റൽ ന്യൂസ് പോർട്ടലായ ലീഫ്‌ലെറ്റും മാധ്യമ പ്രവർത്തകനായ നിഖിൽ മങ്കേഷ് വാ‌ഗ്ലും‌ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1)(എ) പ്രകാരമുള്ള അവകാശങ്ങൾക്കുള്ള കടന്നുകയറ്റമാണ് ഒമ്പതാം ചട്ടമെന്ന് കോടതി നിരീക്ഷിച്ചു. ഇത് 2009ലെ ഐടി നിയമത്തിന് അതീതമാണെന്നും കോടതി പറഞ്ഞു.

പുതിയ ഐടി നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.

പുതിയ നിയമങ്ങൾ ക്രൂരവും അവ്യക്തവുമാണെന്ന് അഭിപ്രായപ്പെട്ട ഹർജിക്കാർ നിയമം നടപ്പാക്കുന്നത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നിയമം അകാരണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമാകുമെന്ന് ഭയപ്പെടുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം ഒമ്പതാം ചട്ടത്തിന്റെ രണ്ടാം ഉപവകുപ്പ് കോടതി സ്റ്റേ ചെയ്തിട്ടില്ല. നിയമ ലംഘനം ഉണ്ടായാല്‍ തല്കാല നിയമനടപടിക്ക് അനുവാദം നല്‍കുന്നതാണ് ഈ വകുപ്പ്.

Eng­lish sum­ma­ry: IT law set­back again; The Ninth Rule was quashed by the Bom­bay High Court

You may also like this video:

Exit mobile version