സമാരാധ്യരായ നേതാക്കളുടെ ജീവിതവും രാഷ്ട്രീയവും അടുത്തറിഞ്ഞ് മനസിലാക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അനുസ്മരണസമ്മേളനങ്ങള്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാകേണ്ടതുണ്ട്. എങ്ങനെയാണ് നാം ഇവിടെ വരെ എത്തിയതെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ രക്തസാക്ഷികള്‍ ഉള്‍പ്പെടെയുള്ള നിരവധി ത്യാഗധനന്‍മാരുടെ പോരാട്ടങ്ങള്‍ കാണാന്‍ സാധിക്കും. പോരാട്ടങ്ങളിലൂടെ അവര്‍ വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന്റെ മുകളിലാണ് നാം ഇരിക്കുന്നതെന്ന ഓര്‍മ്മ എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് കാനം പറഞ്ഞു. പികെവി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്ഥാനത്തിന്റെ ഏറ്റവും കരുത്തരായ നേതാക്കളിലൊരാളാണ് പികെവിയെന്ന് കാനം പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രംഗപ്രവേശം ചെയ്ത അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. 80 കളില്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതും പികെവിയുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയമായി മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും പികെവി സുപ്രധാന പങ്ക് വഹിച്ചു.
ഇടതുപക്ഷത്തിന്റെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം എന്ന ആശയത്തിലേക്ക് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളെ കൊണ്ടുവരുന്നതിന് സുപ്രധാന പങ്ക് വഹിച്ചു. ഒന്നാം യുപിഎ ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങളിലും സുപ്രധാന പങ്കാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതോടൊപ്പം ഏത് സന്ദര്‍ഭത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കാനും സാധിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പ്രസ്ഥാനത്തിന്റെ യശസും അന്തസും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവര്‍ത്തിച്ച മുന്‍നിര നേതാവായിരുന്നു പികെവിയെന്നും കാനം പറഞ്ഞു. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. റവന്യു മന്ത്രി കെ രാജന്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
English Summary:It should be remembered as a movement built by struggles: Kanam
You may also like this video