Site iconSite icon Janayugom Online

‘സർ ക്രീക്കിലൂടെ കറാച്ചിയിലേക്ക് വഴിയുണ്ടെന്ന് ഓർക്കണം’; പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി രാജ്നാഥ് സിങ്

ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനികവിന്യാസം നടത്തുന്ന പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും കനത്ത വിലനൽകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സർ ക്രീക്ക് മേഖലയിലെ ലക്കി നാല സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലഹോറിൽ വരെ എത്തിയത് ഓർമിപ്പിക്കുന്നു. കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ 2025ൽ പാക്കിസ്ഥാൻ ഓർക്കണം. സ്വാതന്ത്ര്യത്തിന് 78 വർഷത്തിനിപ്പുറവും പാക്കിസ്ഥാൻ സർ ക്രീക്കുമായി ബന്ധപ്പെട്ട തർക്കം ഉയർത്തുകയാണ്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യ നിരവധി തവണ ശ്രമിച്ചതാണ്. എന്നാൽ, പാക്കിസ്ഥാന്റെ ഉദ്ദേശ്യമെന്താണെന്നു വ്യക്തമല്ല. ഇന്നാൽ, ഇപ്പോൾ സർ ക്രീക്കിനു സമീപം പാക് സൈന്യം നടത്തുന്ന പ്രവൃത്തികളിലൂടെ അവരുടെ ഉദ്ദേശ്യം വെളിപ്പെടുകയാണ്’ –രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ സൈന്യവും ബിഎസ്എഫും ചേർന്ന് അതിത്തി മേഖലകൾ ജാഗ്രതയോടെ സംരക്ഷിക്കുകയാണ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്ന തരത്തിലുള്ള മറുപടി നൽകും –രാജ്നാഥ് സിങ് പറഞ്ഞു. ഗുജറാത്തിൽ ഇന്ത്യ– പാക്ക് അതിർത്തിയിലെ 96 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ചതുപ്പുമേഖലയാണ് സർ ക്രീക്ക്. സർ ക്രീക്കിന് മധ്യത്തിലൂടെയാണ് അതിർത്തിയെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോൾ, സർ ക്രീക്കിന് കിഴക്കുഭാഗത്തായി ഇന്ത്യൻ പ്രദേശത്താണ് അതിർത്തിയെന്നാണ് പാക്കിസ്ഥാന്റെ വാദം.

Exit mobile version