Site iconSite icon Janayugom Online

അത്‌ തമാശചോദ്യം, ഗൗരിയെ ബോഡിഷെയിം ചെയ്തിട്ടില്ല; ചോദ്യത്തെ ന്യായീകരിച്ച് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍

നടി ഗൗരി ജി കിഷനോട് ശരീരഭാരത്തെക്കുറിച്ച് അവഹേളനപരമായ ചോദ്യമുയര്‍ത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ ആര്‍ എസ് കാര്‍ത്തിക്. നടിക്ക് മനോവിഷമമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കാര്‍ത്തിക്കിന്റെ പ്രതികരണം. അതേസമയം തന്റെ ചോദ്യത്തെ കാര്‍ത്തിക് ന്യായീകരിച്ചു.

എനിക്ക് കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായിട്ട് കുറച്ച് മാനസിക വിഷമമുണ്ട്. കാരണം ഈ സംഭവമാണ്. ഞാന്‍ ഒരു രീതിയില്‍ ചോദിച്ചു. അവരത് വേറൊരു രീതിയില്‍ എടുത്തു. സ്റ്റുപ്പിഡ്, സെന്‍സില്ലാത്ത ചോദ്യം എന്ന് പറഞ്ഞു. അതുകൊണ്ട് അവരോട് വീണ്ടും ചോദ്യം ചോദിക്കേണ്ടി വന്നു. ആ കുട്ടിയെ ഞാന്‍ ബോഡിഷെയിം ചെയ്തിട്ടില്ലെന്നായിരുന്നു കാര്‍ത്തിക് പറഞ്ഞു. നായകന്‍ എടുത്തുയര്‍ത്തിയതുകൊണ്ടാണ് ഭാരത്തെക്കുറിച്ച് ചോദിച്ചത്. അതൊരു തമാശ ചോദ്യമായിട്ടാണ് പക്ഷേ അത് തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അയാള്‍ ന്യായീകരിച്ചു.

ഒരാളെയും ആക്രമിക്കാന്‍ ഉദ്ദേശമില്ല എന്ന് പറഞ്ഞ് അവരിന്ന് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. എനിക്കും അവരുടെ മനസ്സ് വേദനിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നു. ഈ സംഭവത്തില്‍ അവര്‍ക്ക് എന്തെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കി എല്ലാവരും അവര്‍ക്ക് പിന്തുണ നല്‍കുമ്പോള്‍ നമ്മളും നമ്മുടെ നിലപാടില്‍നിന്ന് ഇറങ്ങിവരണമല്ലോ. ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു.

നേരത്തെ, സംഭവത്തില്‍ താന്‍ മാപ്പുപറയില്ലെന്നായിരുന്നു യൂട്യൂബറുടെ നിലപാട്. താന്‍ തെറ്റായി എന്താണ് ചോദിച്ചത് എന്നായിരുന്നു കാര്‍ത്തിക്കിന്റെ മറുപടി. ചോദിച്ചത് തെറ്റായിപ്പോയോ, ആ ചോദ്യത്തില്‍ എന്താണ് തെറ്റുള്ളത്. ഇത് ആ സിനിമയ്ക്ക് മാര്‍ക്കറ്റ് ലഭിക്കുന്നതിനും ഗൗരി കിഷന് പബ്ലിസിറ്റിക്കും വേണ്ടി വിവാദമാക്കുകയാണ്. ഇതിനെ അപലപിക്കുന്ന ഖുശ്ബു ഉള്‍പ്പെടെയുള്ളവരോടും ഈ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നുമായിരുന്നു നേരത്തെ കാര്‍ത്തിക്കിന്റെ പ്രതികരണം. തനിക്ക് 32 വര്‍ഷത്തെ അനുഭവസമ്പത്തുണ്ടെന്നും യൂട്യൂബര്‍ ആവകാശപ്പെട്ടിരുന്നു.

യൂട്യൂബര്‍ക്കെതിരെ പ്രതികരിച്ച തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി നേരത്തേ രംഗത്തെത്തിയിരുന്നു. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’, തമിഴ് താരസംഘടനയായ നടികര്‍ സംഘം, ചെന്നൈ പ്രസ് ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍ക്കും തന്നെ പിന്തുണച്ച വ്യക്തികള്‍ക്കുമാണ് നടി നന്ദി പറഞ്ഞത്. തനിക്ക് ലഭിച്ച പിന്തുണ അപ്രതീക്ഷിതവും അതിശക്തവും വിനയാന്വിതയാക്കുന്നതുമായിരുന്നുവെന്ന് അവര്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു. യൂട്യൂബറെ വ്യക്തിപരമായി ആക്രമിക്കാനുള്ള അവസരമായി ഇതിനെ കാണരുതെന്നും അവര്‍ ആഹ്വാനം ചെയ്തിരുന്നു.

Exit mobile version