Site iconSite icon Janayugom Online

‘ഇത് ഞെട്ടലുണ്ടാക്കി’; പേര് വോട്ടർ പട്ടികയിലില്ലെന്ന് മാത്യു ടി തോമസ്

തിരുവല്ല എംഎൽഎ മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല. 2002ലെ വോട്ടർ പട്ടികയിലാണ് എംഎൽഎയുടെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും പേര് ഇല്ലാത്തത്. 2002ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിലാണ് എസ്ഐആർ നടപ്പാക്കുന്നത്. ബിഎൽഒ ആണ് പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന വിവരം എംഎൽഎയെ അറിയിക്കുന്നത്. 

എസ്ഐആർ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് വിഷയം ശ്രദ്ധയിൽപ്പെട്ടതെന്നും 1984 മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെയും താനും ഭാര്യയും വോട്ട് ചെയ്തിരുന്നതായും മാത്യു ടി തോമസ് പറഞ്ഞു. 2002ലെ തന്റെയും ഭാര്യയുടെയും തിരിച്ചറിയൽ കാർഡുകൾ കൈവശം ഉണ്ട്. സാങ്കേതികമായി പേര് ഉൾപ്പെടുത്താൻ കഴിയുന്നില്ല എന്ന വിവരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതെന്നും മാത്യു ടി തോമസ് പറഞ്ഞു. 

ഇത് ഞെട്ടലുണ്ടാക്കി, ആറ് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ എംഎൽഎ ആവുകയും ഒരു തവണ പാർലമെന്റിലേക്ക് മത്സരിക്കുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ, നിലവിലെ പരിശോധനയിൽ 2002ലെ വോട്ടർ പട്ടികയിൽ പേര് കാണുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുമെന്ന് മാത്യു ടി തോമസ് പറഞ്ഞു.

Exit mobile version