സംസ്ഥാനത്ത് അതി ദരിദ്രരെ കണ്ടെത്താനുള്ള സർവ്വേക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് സർവേ നടക്കുന്നത്. ഇതിനായി വാർഡുതല സമിതികളും പ്രത്യേകമായി രൂപീകരിച്ചു. സംസ്ഥാനത്ത് 38,000 ത്തോളം അതി ദരിദ്രരുണ്ടെന്നാണ് സർക്കാരിന്റെ പ്രാഥമിക കണക്ക്.
സർവേയിലൂടെ ഇത്തരക്കാരെ കണ്ടെത്തി ഇവർക്ക് പുനരധിവാസ പാക്കേജ് ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി അതിദരിദ്രരെ കണ്ടെത്താൻ 15 ഓളം വരുന്ന വിഭാഗക്കർക്ക് പ്രത്യേക പരിശീലനത്തിനും തുടക്കമായി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് തല പരിശീലനത്തിന് ഇന്നലെ തുടക്കമായി. ആശാവർക്കർമാർ, സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെടെ 15 ഓളം വിഭാഗത്തിൽപ്പെടുന്നവർക്കാണ് പ്രത്യേ ക പരിശീലനം 2 ദിവസങ്ങളിലായി നൽകുന്നത്.
ഡിസംബർ 15ന് മുൻപായി ലിസ്റ്റ് കൈമാറണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അർഹരെ ഒഴിവാക്കരുതെന്നും അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തരുതെന്നും പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ കവിത പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിരമേശൻ അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റികളായ ആർ വി ഇടവന, സുരേഷ് കുമാർ, മധുകുമാർ എന്നിവർ പരിശീലന പരിപാടി നയിച്ചു. പരിശീലനം ഇന്നു സമാപിക്കും. ഗ്രാമ പഞ്ചായത്തംഗങ്ങളായ സിയാദ്, ശ്രീകുമാർ, നിഷ എന്നിവർ പങ്കെടുത്തു.