Site iconSite icon Janayugom Online

സമ്പദ് വ്യവസ്ഥ കരകയറാന്‍ 12 വര്‍ഷമെങ്കിലും വേണം: ആര്‍ബിഐ

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ദശാബ്ദത്തിലധികം സമയം വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക്. കോവിഡിനെ തുടര്‍ന്ന് 52 ലക്ഷം കോടിയുടെ നഷ്ടമാണ് സമ്പദ്ഘടനയ്ക്കുണ്ടായത്. ഇതില്‍ നിന്ന് കരകയറാന്‍ 12 വര്‍ഷമെങ്കിലും എടുക്കുമെന്നും ആര്‍ബിഐയുടെ മഹാമാരി ഏല്‍പ്പിച്ച ക്ഷതങ്ങള്‍ (സ്കാര്‍സ് ഓഫ് പാന്‍ഡമിക്) എന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ച്ചയായുണ്ടായ കോവിഡ് തരംഗങ്ങള്‍ താറുമാറാക്കിയ സമ്പദ്‌വ്യവസ്ഥ സുസ്ഥിര വീണ്ടെടുക്കലിന്റെ പാതയിലാണ്.

2020–21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ വന്‍ ചുരുക്കം നേരിട്ടെങ്കിലും, 2021–22ലെ ഒന്നാം പാദത്തില്‍ രണ്ടാംതരംഗം ഉടലെടുക്കുന്നതുവരെ സാമ്പത്തികവളര്‍ച്ച തുടര്‍ന്നു. രണ്ടാം തരംഗം ഏല്‍പ്പിച്ച സാമ്പത്തിക ആഘാതം വളരെ വലുതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം ജനുവരിയിലുണ്ടായ മൂന്നാംതരംഗം സമ്പദ്ഘടനയെ സാരമായി ബാധിച്ചില്ല. എന്നാല്‍ നിലവില്‍ റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസവും വിലക്കയറ്റവും ആഗോളവും ആഭ്യന്തരവുമായ വളർച്ചയെ ഗുരുതരമായി ബാധിക്കുന്നുണ്ട്.

കോവിഡിന് മുമ്പ് രാജ്യത്തെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 6.6 ശതമാനം (2012–13 മുതല്‍ 2019–20 വരെ) ആയിരുന്നു. സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട വര്‍ഷങ്ങളെ ഒഴിവാക്കിയാല്‍ ഇത് 7.1 ശതമാനം ആയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 7.2 ശതമാനവും പിന്നീടുള്ള വര്‍ഷങ്ങളില്‍ 7.5 ശതമാനവും ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നത്. 2034–35 സാമ്പത്തിക വര്‍ഷത്തോടെ സമ്പദ്ഘടന നഷ്ടം തിരിച്ചുപിടിക്കും.

2020–21, 2021–22, 2022–23 സാമ്പത്തിക വര്‍ഷങ്ങളില്‍ സമ്പദ്ഘടനയ്ക്കുണ്ടായ നഷ്ടം യഥാക്രമം 19.1 ലക്ഷം കോടി, 17.1 ലക്ഷം കോടി, 16.4 ലക്ഷം കോടി എന്നിവയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേരത്തെ ഇന്ത്യയുടെ വളർച്ചാനിരക്ക് നടപ്പ് സാമ്പത്തിക വർഷത്തിലും കുറയുമെന്ന പ്രവചനങ്ങൾ പുറത്ത് വന്നിരുന്നു. ആർബിഐ തന്നെ വളർച്ചാനിരക്ക് ആദ്യം പ്രവചിച്ചിരുന്ന 7.8 ശതമാനത്തിൽ നിന്നും 7.2 ശതമാനമായി വെട്ടിക്കുറച്ചിരുന്നു.

Eng­lish Sum­ma­ry: It will take at least 12 years for the econ­o­my to recov­er: RBI

You may like this video also

Exit mobile version