Site icon Janayugom Online

ആശുപത്രിയിലെ തകർന്ന ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി ഐടിഐ വിദ്യാർത്ഥികൾ

അമ്പലപ്പുഴ: ആശുപത്രിയിലെ തകർന്നു കിടക്കുന്ന ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി ഐടിഐ വിദ്യാർത്ഥികൾ. എടത്വ പയസ് ടെൻത് ഐ ടി ഐയുടെ അറുപതാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയാണ് വിദ്യാർത്ഥികൾ ചെയ്തത്. വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുനർജനി പദ്ധതിയുടെ ഭാഗമായാണ് ഈ സേവന പ്രവർത്തനം ഏറ്റെടുത്തത്.

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കവിത ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആർ ജയരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം മനോജ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. അനുപമ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കെ അവിട്ടത്ത് എന്നിവർ പ്രസംഗിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ വീടുകളിൽ തകരാറിലായി കിടക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളും വിവിധ ആശുപത്രികളിലെ ഉപകരണങ്ങളും ഈ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. സീനിയർ ഇൻസ്ട്രക്ടറൻമാരായ കെ ഉത്തമൻ, കെ ഗീതാകൃഷ്ണണൻ, അവനീന്ദ്ര നാഥൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ ബ്രാഞ്ചുകളിലെ സീനിയർ ട്രെയിനികളാണ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയത്.

Exit mobile version