ശ്രീനഗർ ഉൾപ്പെടെയുള്ള കശ്മീരിന്റെ ചില ഭാഗങ്ങളിൽ വീണ്ടും മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് ശ്രീനഗർ — ജമ്മു ദേശീയ പാത അടച്ചിട്ടതായി അധികൃതർ അറിയിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് റോഡ് അടച്ചിട്ടത്. 270 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയിൽ വെള്ളിയാഴ്ച മുതൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്.
മഞ്ഞ് നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഹൈവേ അടച്ചിട്ടിരിക്കുന്നത്. കുൽഗാം ജില്ലയിലെ ഹൈവേയിൽ പുതിയ മഞ്ഞുവീഴ്ച തുടരുന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുത്തേക്കാമെന്ന് ജമ്മു കശ്മീർ ട്രാഫിക് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രീനഗറിലും ഞായർ പുലർച്ചെ നേരിയ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. എന്നാൽ മഞ്ഞുവീഴ്ച വിമാന സർവീസുകളെ ബാധിച്ചിട്ടില്ല. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാണെന്ന് എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ വക്താവ് പറഞ്ഞു.

