രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള കേരളത്തിലെ പരമ്പരാഗത ആചാരാനുഷ്ഠാന കലയാണ് തോൽപ്പാവക്കൂത്ത്. കേരളത്തിന്റെ വിപ്ലവ കലയായാണ് ഈ കലാരൂപം അറിയപ്പെടുന്നത്. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് തോൽപ്പാവക്കൂത്തിന് പ്രചുര പ്രാധാന്യമുള്ളത്. തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കുകളിലും നിരവധി ദേവീക്ഷേത്രങ്ങളിലും വള്ളുവനാട്ടിലെ ഭഗവതി, ഭദ്രകാളി ക്ഷേത്രങ്ങളിലും ഇന്നും ആചാരപരമായ ദൈവാരാധനയുടെ ഭാഗമായി ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നു. കേരളത്തിൽ ക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്തിന്റെ സീസൺ ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയാണ്.
കഥാപാത്രങ്ങൾ തോൽപ്പാവകൾ
******************
മൃഗങ്ങളുടെ തോൽ ഉപയോഗിച്ച് നിർമ്മിക്കുന്ന പാവകൾ ഉപയോഗിച്ചാണ് ഈ കലാരൂപം അരങ്ങിൽ അവതരിപ്പിക്കുന്നത്. രാമായണമാണ് ഇതിലെ പ്രതിപാദ്യ വിഷയം. വിവിധ കഥാപാത്രങ്ങളുടെ പാവകളെ നേർത്ത തുകലിൽ നിന്ന് ശരിയായ ആകൃതിയിലും വലുപ്പത്തിലും മുറിച്ചെടുത്ത് ഒരോ കഥാപാത്രങ്ങൾക്കായി ഇവയെ കൊത്തിയുണ്ടാക്കുവാൻ നാളുകളുടെ പ്രയത്‌നം ആവശ്യമാണ്. തോൽ സംസ്കരിച്ച് എടുക്കുവാൻ മൂന്നു മുതൽ ഏഴ് ദിവസം വരെ ആവശ്യമാണ്. പിന്നീട് ഓരോ കഥാപാത്രങ്ങൾക്കായി ഇവ വെട്ടിയുണ്ടാക്കിയ ശേഷം നിരവധി കൊത്തുപണികളോടെയാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ദ്വിമാന സ്വഭാവങ്ങളോടെയായിരിക്കും ഇവയുടെ നിർമ്മാണമെന്നതും പ്രത്യേകതയാണ്. വെള്ളവും ചാരവും ഉപയോഗിച്ച് കട്ടിയുള്ള ഒരു പേസ്റ്റ് ആദ്യം തോലിന്റെ രോമമുള്ള ഭാഗത്ത് പുരട്ടി ഒരു ബോർഡിൽ അരികുകൾ വലിച്ച് മുറുക്കി ഒരാഴ്ചയോളം ഉണക്കാൻ വെയ്ക്കും. മുളയോ കുപ്പിച്ചില്ലോ കൊണ്ട് രോമങ്ങൾ കളഞ്ഞ് ചർമ്മം വൃത്തിയാക്കി പാവയുടെ രൂപരേഖ വരയ്ക്കും. പാവകളുടെ ആകൃതികളും മുഖഭാവവും നിഴലുകളിൽ വരത്തക്ക വിധം ചർമം ശ്രദ്ധയോടെ മുറിക്കും. തോലിൽ ചെറിയ ദ്വാരങ്ങൾ നൽകുകയും പാവകൾ ഉളി ഉപയോഗിച്ച് ചെത്തിയെടുക്കുകയും ചെയ്യും. പാവയുടെ മധ്യഭാഗത്ത് ഒരു മുളയുടെ കഷ്ണമോ മരകഷ്ണമോ ഉപയോഗിച്ച് താഴേക്ക് നീണ്ട് നിൽക്കും വിധം ഉറപ്പിക്കും. കഥാപാത്രങ്ങളുടെ നിർമ്മാണം പൂർത്തിയാകാൻ ചുരുങ്ങിയത് ഒരു മാസത്തോളം സമയമെടുക്കും.
അവതരണം കൂത്തുമാടങ്ങളിൽ
******************************
ദേവിക്ഷേത്രങ്ങളിലെ പ്രത്യേകം തയ്യാറാക്കിയ കൂത്തുമാടങ്ങളിലാണ് ഇവ അരങ്ങേറുന്നത്. തിരശീലക്ക് പിന്നിൽ വിളക്ക് തെളിയിച്ച് വെച്ച ശേഷം ഓരോ കഥാപാത്രത്തിന്റെയും ചലനങ്ങൾ വലിയ തന്മയത്തത്തോടെയും ശ്രദ്ധയോടും കൂടി ആസ്വാദകർക്ക് മുന്നിലെക്കെത്തുന്നതിന് പിന്നിൽ ഒരുപാട് കലാകാരന്മാരുടെ കഠിന പ്രയത്‌നം ഉണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ ആറു കാണ്ഡങ്ങളിലെ കഥയാണ് തോൽപ്പാവക്കൂത്തിലുള്ളത്. ഇത് അവതരിപ്പിക്കുന്ന കലാകാരന്മാരെ പുലവർ എന്നാണ് അറിയപ്പെടുന്നത്. പുലവർ എന്നത് ജാതിയോ കുലമോ അല്ല, പാവകൂത്ത് അവതരിപ്പിക്കുന്നവർക്കുള്ള ഒരു പ്രത്യേക പദവിയാണ്. ക്ഷേത്ര പരിസരത്ത് പ്രത്യേകമായി തയ്യാറാക്കിയ കൂത്തുമാടങ്ങളിൽ ക്ഷേത്രത്തിലെ ദേവിയുടെ പ്രതിച്ഛായയെ അഭിമുഖീകരിക്കുന്ന തരത്തിലാണ് കൂത്തുമാടത്തിന്റെ സ്ഥാനം. ഭൂനിരപ്പിൽ നിന്ന് നന്നായി ഉയർത്തുകയും അതിന്റെ മൂന്ന് വശങ്ങൾ പൊതിഞ്ഞ് മേൽക്കൂര നൽകുകയും ചെയ്യുന്നു. കേരളത്തിൽ നൂറിൽപ്പരം ക്ഷേത്രങ്ങളിൽ കൂത്തുമാടങ്ങളുണ്ട്. സ്റ്റേജിന്റെ മുൻവശത്ത് പകുതി വെള്ളയും കറുപ്പുമായ നേർത്ത തുണികൊണ്ട് വലിച്ചു കെട്ടും. അതിനുള്ള അവകാശം മാടപുലവർക്കാണ് ലഭിക്കുക. തിരശീലയ്ക്ക് പുറകിൽ ഇടുങ്ങിയ ഒരു മരപ്പലക ഒന്നര മീറ്റർ ഉയരത്തിൽ കുറച്ചകലത്തിലായി സ്റ്റേജിന്റെ മുഴുവൻ നീളത്തിൽ പിടിപ്പിക്കും. കൂത്തിൻ ആവശ്യമായ പ്രകാശ സജ്ജീകരണത്തിന് 21 തേങ്ങാമുറികൾ ക്രമീകരിച്ച് ഒരേ നിരയിൽ തുല്യ അകലത്തിലായി സ്ഥാപിക്കും. തുടർന്ന് തേങ്ങാമുറികൾ എണ്ണ ഒഴിച്ച ശേഷം തിരിയിട്ട് കത്തിച്ചാണ് പാവകളുടെ നിഴൽ തുണിയുടെ മറുവശത്ത് കാണും വിധത്തിൽ ക്രമീകരിക്കുന്നത്.
ഉൽഭവവും ഐതീഹ്യവും
************************
തോൽപ്പാവക്കൂത്തിന് എത്ര കാലത്തെ പഴക്കമുണ്ടെന്ന് കൃത്യമായി പറയാനാവില്ല. ഇതിന്റെ ഉൽഭവം എവിടെയാണെന്നത് സംബന്ധിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഇന്നും നിലനിൽക്കുന്നു. എങ്കിലും മനുഷ്യൻ നിഴലിനെ തിരിച്ചറിഞ്ഞ നിമിഷത്തിലാണ് തോൽപ്പാവക്കൂത്തിന്റെ ജനനമെന്നാണ് പുലവർ വിലയിരുത്തുന്നത്. തോൽപ്പാവക്കൂത്തിൽ ശ്രീരാമന്റെ ജനനം മുതൽ കിരീടധാരണം വരെയുള്ള രാമായണ കഥയാണ്. 21 രാത്രികളിലായിട്ടാകും ഇവ അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ 7,14 ദിവസങ്ങളായി കഥ വെട്ടിചുരുക്കിയും മറ്റുമാണ് തോൽപ്പാവകൂത്ത് നടത്താറുള്ളത്. പകുതിഭാഗം ശ്ലോകത്തിലും പകുതിഭാഗം ഗദ്യത്തിലും ചിട്ടപ്പെടുത്തിയ തോൽപ്പാവകൂത്ത് കൃതി ആടൽപറ്റ് എന്നും അറിയപ്പെടുന്നു. മലയാളം, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നിവയെല്ലാം ചേർന്ന ഭാഷയാണ് ആടൽപറ്റ്. തമിഴ് കവിയായ കമ്പർ എഴുതിയ രാമായണമാണ് ഇതെന്ന് പറയപ്പെടുന്നു.
ഐതീഹ്യം
***********
വളരെക്കാലം മുമ്പ് ദാരികൻ എന്നൊരു അസുരൻ ജീവിച്ചിരുന്നു. ദേവന്മാർക്കും ഋഷികൾക്കും മനുഷ്യർക്കും ദാരികൻ ഒരുപോലെ ഭീഷണിയായിരുന്നു. ഈ അസുരനെ വധിക്കാൻ ശിവൻ തൃക്കണ്ണിലെ അഗ്‌നിയിൽ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ചു. നീണ്ട പോരാട്ടത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ഭദ്രകാളി ദാരികനുമായുള്ള യുദ്ധത്തിൽ ഏർപ്പെട്ട സമയത്താണ് രാമ‑രാവണ യുദ്ധവും നടക്കുന്നത്. രാവണന്റെ മേൽ രാമൻ നേടിയ വിജയത്തിന് നേർസാക്ഷ്യം വഹിക്കാൻ കഴിയാത്തതിനാൽ ദേവി ശിവനോട് തന്റെ വേദന അറിയിക്കുകയും യുദ്ധം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്നാണ് രാമായണ കഥ ദേവിയെ കാണിക്കുന്നതിനായി നിഴൽ നാടകമായി അവതരിപ്പിക്കുന്നതെന്നാണ് ഐതീഹ്യം. കാളി ക്ഷേത്രങ്ങളിൽ ഇതിനെ അടിസ്ഥാനമാക്കി തോൽപ്പാവക്കൂത്ത് അവതരിപ്പിച്ച് വരുന്നു.
തോൽപ്പാവ നിർമ്മാണം
************************
ആദ്യകാലങ്ങളിൽ പാവകൾ നിർമ്മിക്കാൻ മാൻതോലാണ് ഉപയോഗിച്ചിരുന്നത്. കഥയിലെ ഓരോ പ്രധാന കഥാപാത്രങ്ങളുടേയും ചലനത്തിന് ആവശ്യമായ രീതിയിലാകും നിർമ്മാണം. യുദ്ധത്തിൽ അമ്പും വില്ലും പിടിക്കാനും മുഷ്ടി മത്സരത്തിൽ ഏർപ്പെടാനും പാവയ്ക്ക് രണ്ട് കൈകളും ആവശ്യമായതിനാൽ ഇത്തരം പാവകളുടെ കൈകൾ രണ്ടും ചലിക്കുന്ന രീതിയിലായിരിക്കും നിർമ്മാണം. മൃഗങ്ങളെയും പക്ഷികളെയും കാണിക്കുന്ന പാവകൾക്ക് ചലനത്തിന് വ്യത്യസ്ത തരം സന്ധികളാണ് നൽകുന്നത്. മരങ്ങൾ, പർവതം, സമുദ്രം എന്നിവ കാണിക്കുന്നതിനും വ്യത്യസ്ത പാവകളുണ്ട്. ഓരോ പ്രധാന കഥാപാത്രങ്ങൾക്കും കൃത്യമായ അളവുകളുണ്ട്. ശ്രീരാമൻ നടക്കാനുള്ള നിലപാടിൽ 79 സെന്റിമീറ്റർ നീളവും 46 സെന്റിമീറ്റർ വീതിയുമുള്ള പാവയാണ്. രാവണന്റെ പാവയ്ക്ക് 80 സെന്റിമീറ്റർ നീളവും 68 സെന്റിമീറ്റർ വീതിയും കാണും. 21 ദിവസത്തെ കൂത്തിന് 180ഓളം പാവകളും വേണം.
അരങ്ങില്‍
***********
തൂക്കുവിളക്കെടുത്ത് കലാകാരന്മാർ തിരശീലയ്ക്ക് പിന്നിലെ 21 വിളക്കുകളും കത്തിക്കും. ആദ്യം രംഗ പൂജയും ഇതിനുശേഷം ഗണപതിയുടെ പാവയെ തിരശീലയിൽ അവതരിപ്പിക്കുകയും വിഘ്നേശ്വര സ്തുതിയോടെ കൂത്ത് ആരംഭിക്കുകയും ചെയ്യും. ദേവന്മാരെ സ്തുതിച്ചുള്ള ഗീതങ്ങൾ, തോൽപ്പാവക്കൂത്ത് ഗുരുക്കന്മാർക്ക് ഗുരുവന്ദനവും അർപ്പിക്കും. ഈ ചടങ്ങുകൾ അവസാനിക്കുമ്പോഴാണ് കഥ ആരംഭിക്കുക. 12 മീറ്ററോളം വരുന്ന തിരശീലയുടെ പിന്നിൽ പാവകളെ അവതരിപ്പിക്കുന്നതിന് അഞ്ച് മുതൽ ഏഴ് കലാകാരന്മാർ വരെ അണിനിരക്കും. ചില അവസരങ്ങളിൽ അവർ തിരശീലയുടെ ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് പാവകൾ കൈയ്യിലേന്തി ഓടണം. രണ്ടോ മൂന്നോ കലാകാരന്മാർ ശ്ലോകങ്ങൾ ആലപിക്കുന്നതിനും ഉണ്ടാകും. എഴുപറ, ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, കുഴൽ എന്നിവയാണ് അകമ്പടിവാദ്യങ്ങൾ. കൂത്ത് കലാകാരൻ ഒരു കൈകൊണ്ട് പാവയിൽ നീളത്തിൽ പിടിപ്പിച്ചിട്ടുള്ള തടിയുടെ താഴത്തെ ഭാഗവും അതോടൊപ്പം പാവയുടെ കൈ മറ്റൊരു കൈയിലും പിടിച്ച് ചലിപ്പിക്കും. യുദ്ധങ്ങൾക്കിടെ രക്തത്തിന്റെ യഥാർത്ഥ ചിത്രം സൃഷ്ടിക്കുന്നതിന് ചുവന്ന ദ്രാവകം തിരശീലയിലേക്ക് എറിയും. യുദ്ധം അവസാനിച്ച് ശേഷം തിരശീല നീക്കം ചെയ്ത് വൃത്തിയാക്കും. കഴുകിയ തിരശീല അടുത്ത ദിവസത്തെ പ്രകടനത്തിനായി വീണ്ടും ഉപയോഗിക്കും. പരമ്പര സമാപിക്കുന്നത് രാമന്റെ കിരീടധാരണത്തോടെയാണ്. തുടർന്ന് തിരശീല നീക്കം ചെയ്യുകയും ചെയ്യും.
തോൽപ്പാവ കൂത്തിലെ ഇളമുറക്കാർ
**********************************
പാലക്കാടുള്ള കൂനത്തറ കുടുംബമാണ് കേരളത്തിൽ പൈതൃകമായി തോൽപ്പാവകൂത്ത് കല കൈമാറി വരുന്നത്. കൂനത്തറ കുടുംബത്തിലെ തമ്പി പുലവർ, ഇള പുലവർ, മുത്തപ്പ പുലവർ, ലക്ഷ്മണ പുലവർ, കൃഷ്ണൻകുട്ടി പുലവർ എന്നിവരെല്ലാം തോൽപ്പാവകൂത്തിലെ ഗുരുക്കന്മാരാണ്. ഇതേ തായ് വഴിയിൽപ്പെട്ട ജ്യേഷ്ഠാനുചന്മാരായ പത്മശ്രീ രാമചന്ദ്ര പുലവരും ലക്ഷ്മണ പുലവരും ഇവരുടെ കുടുംബവുമാണ് തോൽപ്പാവകൂത്ത് കലകൾ ഇന്ന് നിലനിർത്തുന്നത്. 1980ൽ തോൽപ്പാവകൂത്ത് വിദഗ്ധൻ കൃഷ്ണൻകുട്ടി പുലവർക്ക് സംഗീത നാടക അക്കാദമിയുടെ ആദരം ലഭിച്ചിരുന്നു. തോൽപ്പാവകൂത്ത് കലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 2021ൽ കൂനത്തറ രാമചന്ദ്ര പുലവർക്ക് രാജ്യം പത്മശ്രീ നൽകിയും ആദരിച്ചു.
വെല്ലുവിളികൾ
**************
ചലച്ചിത്രങ്ങളിലടക്കം വലിയ പ്രചാരം നേടിയിട്ടുള്ള തോൽപ്പാവ കൂത്തുകൾക്ക് ധാരാളം ആസ്വാദകരുണ്ടെങ്കിലും ഇന്ന് ഈ കലാരൂപം തുടർന്ന് കൊണ്ടുപോകുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് ഈ രംഗത്തെ പാരമ്പര്യം കാത്ത് പോരുന്ന പത്മശ്രീ രാമചന്ദ്ര പുലവരുടെ മകനും കലാകാരനും കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കൂനത്തറ രാജീവ് പുലവർ പറയുന്നു. ആദ്യകാലങ്ങളിൽ പാവകൾ നിർമ്മിക്കാൻ മാൻതോലാണ് ഉപയോഗിച്ചിരുന്നത്. മാൻതോലിന് പവിത്രവും ശുദ്ധവുമായ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. മാൻതോൽ ലഭിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കായി ഇവ വെട്ടിയുണ്ടാക്കിയ ശേഷം നിരവധി കൊത്തുപണികളോടെയാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. പാവകൾക്ക് ദ്വിമാന സ്വഭാവങ്ങളുള്ളതിനാൽ ഇവയുടെ നിർമ്മാണം പൂർത്തിയാകാൻ ദിവസങ്ങളോളം വേണ്ടിവരും. 21 രാത്രികൾ നീണ്ട കലാവതരണത്തിന് 180ഓളം പാവകളും 20ഓളം കലാകാരന്മാരും തിരശീലക്ക് പിന്നിൽ വേണം. കലാരൂപത്തിന്റെ ചരിത്രവും ഐതീഹ്യവും കഥകളും പഠിച്ചെടുക്കുവാൻ പുതിയതായി വരുന്നവർക്ക് ഒരു വർഷത്തോളം സമയമെടുക്കും. ഭാഷാ ശൈലി, അവതരണം, പദപ്രയോഗം എന്നിവയും വ്യത്യസ്തമാണ്. കലാകാരന്മാരുടെ അഭാവവും കലയെ ഇന്നത്തെ പോലെ ഏഴ് ദിവസങ്ങളായി വെട്ടിച്ചുരുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. നേരം പുലരുവോളം നീളുന്നതാണ് ഈ കലാരൂപം. കലാകാരന്മാർക്ക് ആവശ്യമായ സാമ്പത്തിക സഹായവും കുറവാണ്. ഇതെല്ലാം കലാകരന്മാരെ ഈ മേഖലയിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം പറയുന്നു. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും തോൽപ്പാവകൂത്തിന് ആസ്വാദകർ ധാരാളമുണ്ട്.
നിലവിൽ കേരളത്തിന്റെ ഈ വിപ്ലവ കലയെ മതിൽക്കെട്ടിന് പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പാലക്കാട്ടേ പ്രശസ്ത പുലവന്മാർ. ക്ഷേത്രങ്ങളുടെ പൊതുവേദിയിൽ അവതരിപ്പിച്ചുകൊണ്ട് ഈ കലാരൂപത്തെ മതാതീതമായി എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ദശാവതാരം, മീശമാധവൻ, മാമാങ്കം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇതിനോടകം തന്നെ ഈ കലാരൂപത്തിന് വളരെയധികം ആസ്വാദകരെ സൃഷിടിക്കാനായിട്ടുണ്ട്.