Site iconSite icon Janayugom Online

ഇതുമഞ്ഞുകാലം

ഇതുമഞ്ഞുകാലം, മണ്ണിന്റെ മനസിന്റെ
ഇടനാഴിതന്നിൽ നിശബ്ദ താഴ്വാരത്തിൽ
ഇതുമഞ്ഞുകാലം
മാമ്പൂ കൊഴിയുന്ന
മകരം ചിരിക്കുന്ന മഞ്ഞുകാലം
രാത്രിയാം കാമുകൻ യാത്രാമൊഴി ചൊല്ലി
ആർത്തനായകലുന്ന
വിഭാതവേളയിൽ
ഓതുന്നു ചക്രവാളത്തിന്റെ കാതിലായ്
വീണ്ടും വരും വരെ കാത്തിടൂനീ
കണ്ടുമുട്ടീടുന്നു സന്ധ്യകൾ തോറും നാം 
വർണം വിതാനിച്ച കണ്ണുകളുമായ് 
സ്നേഹാർദ്ര തീരങ്ങൾ പുൽകി മയങ്ങും നാം 
പുലരിയുടെ പിറവിക്കു വഴിമാറിടാൻ
ചക്രവാളത്തിന്റെ നെഞ്ചിൻ നെരിപ്പോടിൽ 
ചെന്തീക്കനൽ പോലെ സൂര്യ ബിംബം 
വർണക്കതിർക്കയ്യുകൊണ്ടു തലോടിയ 
മണ്ണിൻ മൃദുമേനി തൊട്ടുണർത്തി
കളകളംപാടിയ കിളികളും പുഴകളും 
കുളിരിന്റെ കുപ്പായം ഊരിമാറ്റി 
ലയലാസ്യയായ വസുധതൻമാറിലെ 
മഞ്ഞിൻമകുടം അലിഞ്ഞമർന്നു 
മുഗ്ധമലരിനു മുത്തം കൊടുക്കുവാൻ 
മധുപനും മാരുതനും മത്സരിച്ചു 
പരിരംഭണത്തിന്റെ പരിലാളനമേറ്റു 
പാരിജാതങ്ങളുംമിഴിതുറന്നു
കദനംവഴിമാറും വദനത്തിൻ കാന്തിപോൽ 
മിഴിവാർന്നു പുലരിയും പുഞ്ചിരിച്ചു 
വെള്ളയുടുപ്പിട്ടു, തുള്ളിക്കളിച്ചൊരാ
മഞ്ഞലക്കുഞ്ഞുങ്ങൾ യാത്രയായി
Exit mobile version