Site icon Janayugom Online

മന്ത്രി ജെ ചിഞ്ചുറാണിയുടെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ ചിത്രത്തിനെച്ചൊല്ലി വ്യാജപ്രചാരണം

മന്ത്രി ജെ ചിഞ്ചുറാണിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ ചിത്രത്തിനെച്ചൊല്ലി വ്യാജപ്രചാരണം. മന്ത്രി പശുക്കുട്ടിയെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് വിഷയം. ഫെബ്രുവരി 14ന് കൗ ഹഗ് ഡേ ആചരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ചിത്രമെന്നായിരുന്നു പ്രചരിപ്പിച്ചത്. മന്ത്രി ധരിച്ച ഓറഞ്ച് നിറത്തിലുള്ള സാരി ചൂണ്ടിക്കാട്ടി, കാവി അനുകൂല ചിന്താഗതിക്കാരിയാണെന്ന വാദവും ഉയര്‍ത്തി ചിലര്‍. പ്രൊഫൈല്‍ ചിത്രത്തിന് താഴെയുള്ള നിരവധി കമന്റുകളും തുടര്‍ന്ന് കോണ്‍ഗ്രസുകാരും ജമാഅത്തെ ഇസ്ലാമിക്കാരും മുന്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവായ സ്ത്രീയും അതോടൊപ്പം ചില സ്വയം പ്രഖ്യാപിത ഇടതുപക്ഷക്കാരും ഇട്ട പോസ്റ്റുകളുമെല്ലാം മന്ത്രിയെ ആക്ഷേപിക്കുന്നതായിരുന്നു. എന്നാല്‍ വസ്തുതകള്‍ മനസിലാക്കിയതോടെ ചിലര്‍ തെറ്റ് തിരുത്തുന്നതായും പോസ്റ്റ് പിന്‍വലിക്കുന്നതായും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വസ്തുത ഇങ്ങനെയാണ്. ‘പടവ് ‘എന്ന പേരില്‍ മണ്ണുത്തി വെറ്റിനറി കോളജിൽ ഫെബ്രുവരി 10 മുതൽ 15 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിന്റെ പ്രചരാണാർത്ഥമാണ്, മൃഗസംരക്ഷണ‑ക്ഷീര വികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ജെ ചിഞ്ചുറാണി പശുക്കുട്ടിയെ എടുത്ത്‌ നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇത് ദിവസങ്ങള്‍ക്ക് മുമ്പ് ബജറ്റിനെക്കുറിച്ചുള്ള വാര്‍ത്ത വന്ന മനോരമ പത്രത്തില്‍ അച്ചടിച്ചുവന്ന ഫോട്ടോയുമാണ്. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ കൗ ഹഗിന്റെ പ്രഖ്യാപനം വാര്‍ത്തയാകുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് മന്ത്രിയുടെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുന്നത്.

വസ്തുതകള്‍ മനസിലാക്കാതെ പോസ്റ്റിട്ട ചിലര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും പലരും ഇപ്പോഴും വ്യാജ പ്രചാരണം തുടരുകയാണ്. ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിനെതിരെയും ആര്‍എസ്എസിനെതിരെയും പലപ്പോഴും പ്രതിഷേധത്തിന് ചുണ്ടനങ്ങാത്ത പലരുടെയും രോഷപ്രകടനം, കൃത്യമായ നിലപാട് സ്വീകരിക്കുകയും തുറന്ന് പറയുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും കുറ്റപ്പെടുത്തി അതിലൂടെ ബിജെപിക്ക് രഹസ്യസഹായം ചെയ്യാനല്ലേ എന്ന് കരുതിയാല്‍ കുറ്റം പറയാനാകില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും ചൂണ്ടിക്കാട്ടുന്നത്.

Exit mobile version