Site iconSite icon Janayugom Online

ജാക്ക് ഡോര്‍സിയുടെ സ്വത്തില്‍ 52.6 കോടി ഡോളര്‍ നഷ്ടം

jackjack

അഡാനിക്കു പിന്നാലെ ഹിന്‍ഡന്‍ബര്‍ഗ് ആഘാതത്തില്‍ കോടികള്‍ നഷ്ടപ്പെട്ട് ജാക്ക് ഡോര്‍സിയും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ ഡോര്‍സിയുടെ സമ്പത്തില്‍ 52.6 കോടി ഡോളറിന്റെ ഇടിവുണ്ടായി.
കഴിഞ്ഞ മേയ്‌ മാസത്തിനുശേഷം ഡോര്‍സി നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. നിലവില്‍ 44 ലക്ഷം ഡോളറാണ് ഡോര്‍സിയുടെ ആസ്തി. ബ്ലൂംബര്‍ഗ് ബില്യനയേഴ്സ് ഇന്‍ഡക്സ് പ്രകാരം ഡോര്‍സിയുടെ സമ്പത്തില്‍ 11 ശതമാനം ഇടിവ് രേഖപ്പെടുത്തി. 

ജാക്ക് ഡോര്‍സിയുടെ പേ‌യ‌്മെന്റ് സ്ഥാപനമായ ബ്ലോക്കിന്റെ കാഷ് ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 65 മുതല്‍ 75 ശതമാനം വരെ വ്യാജമാണെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ഇതിന്റെ ആഘാതത്തില്‍ ഡോര്‍സിയുടെ ഓഹരികളുടെ മൂല്യം 22 ശതമാനം വരെ ഇടിഞ്ഞിരുന്നു.
ട്വിറ്ററിന്റെ സഹസ്ഥാപകൻ കൂടിയായ ഡോർസിയുടെ സ്വകാര്യ സമ്പത്തിന്റെ ഭൂരിഭാഗവും ബ്ലോക്കിലാണ്. 300 കോടി ഡോളറാണ് ബ്ലോക്കിലെ ജാക്ക് ഡോര്‍സിയുടെ കമ്പനിയുടെ ഓഹരി മൂല്യം. അതേസമയം ട്വിറ്ററിലെ അദ്ദേഹത്തിന്റെ ഓഹരി മൂല്യം 38.80 കോടി ഡോളറാണ്.
ബ്ലോക്കിനെതിരെയുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ വംശജയായ അമൃത അഹൂജയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. ബ്ലോക്കിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറാണ് അമൃത. ഡിസ്‌കോർഡ്, എയര്‍ബിഎന്‍ബി എന്നിവയിൽ മെമ്പർ ബോർഡ് ഓഫ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. ഗെയിം ഡെവലപ്പറും പ്രസാധകരുമായ ബ്ലിസാർഡ് എന്റർടെയ്ൻമെന്റിന്റെ സിഎഫ്ഒ കൂടിയാണ് അമൃത. 

അഡാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചുകാട്ടിയെന്നും നികുതി തട്ടിപ്പു നടത്തിയെന്നുമായിരുന്നു യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ അഡാനിയുടെ സമ്പത്തില്‍ വന്‍ ഇടിവുണ്ടായി. ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഗൗതം അഡാനി 21-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവിയും അഡാനിക്ക് നഷ്ടമായിരുന്നു.

Eng­lish Sum­ma­ry: Jack Dorsey’s estate lost $52.6 million

You may also like this video

Exit mobile version