Site iconSite icon Janayugom Online

ബംഗാളിലെ ജയിലുകളില്‍ ദുര്‍ഗാ പൂജയോടനുബന്ധിച്ച് അന്തേവാസികള്‍ക്ക് മട്ടന്‍ ബിരിയാണിയും, ബസന്തി പുലാവും

ദുര്‍ഗാ പൂജയോടനുബന്ധിച്ച് ബംഗാളിലെ ജയിലുകളില്‍ അന്തേവാസികള്‍ക്ക് മട്ടന്‍ ബിരിയാണിയും ബസന്തി പുലാവും നല്‍കാന്‍ അധികൃതരുടെ തീരുമാനം. ദുര്‍ഗാപൂജ ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് ജയിലിലെ ഫുഡ് മെനുവില്‍ മാറ്റം വരുത്താനുള്ള തീരുമാനമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.ഒക്ടോബര്‍ ഒന്‍പത് മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള തീയതികളിലാവും ഭക്ഷണത്തില്‍ മാറ്റം വരുത്തുക.

എല്ലാ ഉത്സവകാലത്തും മെച്ചപ്പെട്ട ഭക്ഷണം ലഭിക്കണമെന്ന തടവുകാരുടെ അഭ്യര്‍ഥന മാനിച്ച് കൂടിയാണ് മെനു പരിഷ്‌കരിക്കാനുള്ള അധികൃതരുടെ തീരുമാനം. ഇത് അന്തേവാസികള്‍ക്ക് സന്തോഷം നല്‍കുമെന്നും അവരുടെ മാറ്റത്തിന് കാരണമായേക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.മട്ടന്‍ ബിരിയാണി, ബസന്തി പുലാവ്, ലുച്ചി ചോളാര്‍ ദാല്‍, പയേഷ്, ചിക്കന്‍ കറി, ആലു പോട്ടാള്‍ ചിന്‍ഗ്രി, മച്ചര്‍ മത്ത ദിയേ ദാല്‍ തുടങ്ങിയ വൈവിധ്യ ഇനങ്ങളാണ് അന്നേദിവസങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ തടവുകാരുടെ മതവികാരം മാനിക്കുന്നതിനാല്‍ എല്ലാവര്‍ക്കും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കില്ലെന്നും തടവുകാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുമെന്നും അധികൃതര്‍ പറഞ്ഞു.അവരുടെ ദിനചര്യയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ദൈനംദിന ജീവിതത്തില്‍ നിന്ന് ഒരു ഇടവേള. വര്‍ഷങ്ങളായി സംസ്ഥാനത്ത് താമസിക്കുന്ന പല ബംഗാളികള്‍ക്കും, മറ്റുള്ളവര്‍ക്കും ദുര്‍ഗ്ഗാ പൂജയിലും മറ്റ് ഉത്സവങ്ങളിലും ഭക്ഷണത്തിന് മത്സ്യവും മാംസവും നിര്‍ബന്ധമാണ്. അതിനാല്‍ അവരുടെ ഭക്ഷണത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചു, അങ്ങനെ അവര്‍ ബംഗാളികളെപ്പോലെ ആഘോഷങ്ങള്‍ ആസ്വദിക്കും’ ജയിലിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുന്‍മന്ത്രിമാരായ പാര്‍ത്ഥ ചാറ്റര്‍ജി, ജ്യോതി പ്രിയ മല്ലിക്, ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് തുടങ്ങിയവര്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലെ അന്തേവാസികളാണ്. സംസ്ഥാനത്തെ 59 ജയിലുകളിലായി 26,994 പുരുഷന്മാരും 1,778 സ്ത്രീകളും താമസിക്കുന്നതായാണ് കണക്കുകള്‍.

Exit mobile version