Site iconSite icon Janayugom Online

ഇന്ത്യയുടെ ആദ്യ വിന്റര്‍ ആര്‍ട്ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന് ജയിന്‍ കല്‍പ്പിത സര്‍വകലാശാല

uniuni

ഇന്ത്യയുടെ ആദ്യ വിന്റര്‍ ആര്‍ട്ടിക് പര്യവേഷണത്തില്‍ ജയിന്‍ കല്‍പ്പിത സര്‍വ്വകലാശാലയും പങ്കു ചേരും. 2023 ഡിസംബറില്‍ ആരംഭിച്ച വിന്റര്‍ പര്യവേഷണത്തിനായി പുറപ്പെടുന്ന നാലാമത്തെ സംഘത്തിലാണ് ജയിന്‍ കല്‍പ്പിത സര്‍വ്വകലാശാലയിലെ മറൈന്‍ സയന്‍സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.ജിപ്‌സന്‍ ഇടപ്പഴം ഇടംനേടിയത്.

2007 മുതല്‍ വേനല്‍ക്കാലത്ത് ഇന്ത്യ നടത്തിവരുന്ന ആര്‍ട്ടിക് പര്യവേഷണത്തിന്റെ തുടര്‍ച്ചയായി പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഡിസംബറില്‍ വിന്റര്‍ മിഷന് തുടക്കം കുറിച്ചത്. പോളാര്‍ നൈറ്റ് എന്നറിയപ്പെടുന്ന അതിശൈത്യകാലത്ത് ദിവസം മുഴുവന്‍ ഏറെക്കുറെ സൂര്യപ്രകാശം ഉണ്ടാവാറില്ല. ഈ അന്തരീക്ഷത്തില്‍ നടത്തേണ്ട പഠനങ്ങള്‍ക്കാണ് സംഘം മുന്‍ഗണന നല്‍കുന്നത്. ഭൗമ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആര്‍ട്ടിക്ക് പര്യവേഷണത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ജയിന്‍ സര്‍വ്വകലാശാല പങ്കെടുക്കുന്നത്. കഴിഞ്ഞ മെയ്മാസത്തില്‍ നടന്ന വേനല്‍ക്കാല പര്യവേഷണ സംഘത്തില്‍ ജയിന്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. ഫെലിക്‌സ് എം.ഫിലിപ്പ് അംഗമായിരുന്നു.

ആഗോള താപനത്തിന്റെ ഭാഗമായി ഉത്തരധ്രുവപ്രദേശങ്ങളിലേക്ക് ജീവജാലങ്ങള്‍ കൂട്ടപലായനം ചെയ്യുന്നതിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ട്രാക്ക് ചെയ്ത് ഡോക്യുമെന്റ് ചെയ്യുന്ന പഠനത്തിനാണ് ജയിന്‍ യൂണിവേഴ്‌സിറ്റി ശ്രദ്ധ ചെലുത്തുന്നത്. ഡോ.ഫെലിക്‌സ് എം.ഫിലിപ് (അസിസ്റ്റന്റ്‌റ് പ്രൊഫസര്‍, ജയിന്‍ യൂണിവേഴ്‌സിറ്റി), ഡോ.ലക്ഷ്മി ദേവി (അസിസ്റ്റന്റ് പ്രൊഫസര്‍,ജയിന്‍ യൂണിവേഴ്‌സിറ്റി ), അനുപമ ജിംസ് (അസിസ്റ്റന്റ് പ്രൊഫസര്‍,ചിന്മയ വിശ്വവിദ്യാപീഡ്) എന്നിവരാണ് ഈ പ്രോജക്ടിന് നേതൃത്വം നല്‍കുന്നത്.

30‑ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികള്‍ അടക്കം 80‑ലേറെ സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഈ യൂണിവേഴ്‌സിറ്റി. ബെംഗളൂരു ആസ്ഥാനമായ ജെയിന്‍ യൂണിവേഴ്സിറ്റിക്ക് [https://www.jainuniversity.ac.in/kochi/] കൊച്ചിയില്‍ ഓഫ് കാമ്പസുണ്ട്.

Eng­lish Sum­ma­ry: Jain Kalp­i­tha Uni­ver­si­ty par­tic­i­pates in Indi­a’s first win­ter arc­tic expedition

You may also like this video

Exit mobile version