Site iconSite icon Janayugom Online

കാണാതായ ജയ്നമ്മയുടെ സ്വര്‍ണം പണയം വെച്ചതായി സൂചന; സ്വർണ ഇടപാട് സ്ഥാപനങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി

പള്ളിപ്പുറത്ത് വീട്ടുവളപ്പിൽ നിന്നും അസ്ഥികൾ കണ്ടെടുത്ത സംഭവത്തിൽ കാണാതായ ജയ്നമ്മയുടെ 9 പവൻ വരുന്ന സ്വർണം ചേർത്തലയിൽ പണയപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞതോടെ ചേർത്തലയിലെ സ്വർണ്ണ ഇടപാട് സ്ഥാപനങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. ചേര്‍ത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടില്‍ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പില്‍ നിന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നിലവിൽ അന്വേഷണം നടത്തുന്നത്. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദുപത്മനാഭന്‍(47), കോട്ടയം ഏറ്റുമാന്നൂര്‍ സ്വദേശിനി ജയ്‌നമ്മ എന്നിവരെ കാണാതായ സംഭവങ്ങളിൽ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. സ്വർണം ചേർത്തലയിൽ പണയം വെച്ചിട്ടുണ്ടെന്ന് ജയ്നമ്മയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ എല്ലാ സ്വർണ പണയ സ്ഥാപനങ്ങളിലും വ്യാഴാഴ്ച പരിശോധന നടത്തിയത്. എന്നാൽ സെബാസ്റ്റ്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നുള്ള സൂചനയുമുണ്ട്. ഷുഗറും പ്രഷറും, കാലിന് ചില പ്രശ്നങ്ങളും ഒഴിച്ചാൽ മറ്റ് ശാരീരിക പ്രശ്നങ്ങളൊന്നും ഇല്ലാത്ത ആളാണ് സെബാസ്റ്റ്യൻ. പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. റിമാന്‍ഡിലായ സെബാസ്​റ്റ്യനെ കസ്​റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. 

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്​പി ഏറ്റുമാനൂര്‍ കോടതിയുടെ ചുമതലയുളള ചങ്ങനാശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ്​ മജിസ്‌ട്രേട്ട്​ കോടതിയിലാണ് അപേക്ഷ നല്‍കിയത്. കൊല്ലപ്പെട്ടത്​ ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്​നമ്മയാണെന്ന നിഗമനത്തില്‍ കൊലക്കുറ്റത്തിനാണ് സെബാസ്​റ്റ്യനെതിരെ കേസ്​. ചൊവ്വാഴ്ച രാത്രിയാണ്​ ഈരാറ്റുപേട്ട കോടതിയില്‍ സെബാസ്​റ്റ്യനെ റിമാന്‍ഡ് ചെയ്​തത്. സഹായിയായിരുന്ന ചേർത്തല നഗരത്തിലെ ഓട്ടോഡ്രൈവര്‍ മനോജിനെ രണ്ടുദിവസത്തെ ചോദ്യംചെയ്യലിന്​ ശേഷം ബുധനാഴ്​ച വിട്ടയച്ചു. അന്വേഷണത്തിന്​ സഹായകരമായ സൂചനകള്‍ ലഭിച്ചതായാണ്​ വിവരം. ചോദ്യം ചെയ്യലിന്​ വിളിച്ചാൽ ഹാജരാകാന്‍ നിർദേശിച്ചാണ് വിട്ടയച്ചത്. മറ്റൊരു സഹായി കണിച്ചുകുളങ്ങര കവലയ്​ക്ക്​ സമീപത്തെ വസ്​തു കച്ചവടക്കാരൻ മനോജിനെയും ചോദ്യചെയ്​തശേഷം ചൊവ്വാഴ്​ച വിട്ടു. കാണാതാകുമ്പോള്‍ ജെയ്​നമ്മ 11 പവന്റെ ആഭരണങ്ങള്‍ ധരിച്ചിരുന്നതായാണ് സഹോദരങ്ങളുടെ മൊഴി.
9 പവനോളം സ്വര്‍ണം ചേര്‍ത്തലയിലെ ധനകാര്യസ്ഥാപനത്തില്‍ മനോജിന്റെ പേരില്‍ പണയംവച്ചതായി വിവരം ലഭിച്ചു. സെബാസ്​റ്റ്യന്റെ വീട്ടുവളപ്പില്‍നിന്ന്​ ലഭിച്ച ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാര്‍ സഹായം തേടി. ഒരാഴ്​ചക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജെയ്​നമ്മയുടെ സഹോദരങ്ങളായ സാവിയോ മാണിയുടെയും ആന്‍സിയുടെയും സാമ്പിളും ലഭിച്ച ശരീരാവശിഷ്ട സാമ്പിളുകളും ചൊവ്വാഴ്​ച തന്നെ തിരുവനന്തപുരത്തെ ലാബിലേക്ക്​ അയച്ചു.

വർഷങ്ങൾക്കു മുമ്പ് കടക്കരപ്പള്ളി ബിന്ദുപത്മനാഭൻ്റ തിരോധാനവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ സെബാസ്റ്റ്യനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പലവട്ടം ശ്രമിച്ചിട്ടും നടന്നിട്ടില്ല. ശാരീരിക പ്രശ്നം പറഞ്ഞു കൊണ്ടാണ് നുണ പരിശോധനയ്ക്ക് വിധേയനാകാഞ്ഞത്. ജയ്നമ്മയുടെ ഡിഎൻഎ പരിശോധന ശനിയാഴ്ചക്കുള്ളിൽ എത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനിടെ 2013 മേയ് 13-ാം തീയതി മുതൽ ചേർത്തല വാരനാട് നിന്നും കാണാതായ ഹൈറുമ്മ എന്ന് വിളിക്കുന്ന ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. പള്ളിപ്പുറത്ത് വീട്ടുവളപ്പിൽ നിന്നും കണ്ടെടുത്ത അസ്ഥികളിൽ നിന്നുള്ള ഡിഎൻഎ പരിശോധനയിൽ ഐയിഷയുടെ ബന്ധുക്കളെയും ഉൾപ്പെടുത്തണമെന്ന് കാട്ടിയാണ് രംഗത്തെത്തിയിരിക്കുന്നത്. സെബാസ്റ്റ്യനുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഐഷയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പിന്നീട് മൂവാറ്റുപുഴ ആറിൽ നിന്നും തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള ഒരു മൃതദേഹം പൊലീസ് ഐഷയുടെ ബന്ധുക്കളെ കാട്ടിക്കൊടുക്കുകയും ചേർത്തലയിൽ സംസ്കരിക്കുകയും ചെയ്തെങ്കിലും സെബാസ്റ്റിനും ഐഷയും തമ്മിലുള്ള ബന്ധവും പിന്നീടുള്ള തിരോധാനവും കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് ബന്ധുക്കൾ ഇപ്പോഴും കരുതുന്നത്. കഴിഞ്ഞദിവസം ഫോറൻസിക് വിദഗ്ധർ സെബാസ്റ്റ്യൻ വീട്ടിൽ പരിശോധന നടത്തിയപ്പോൾ രക്തക്കറ കണ്ടെത്തിയതിലും ഐയഷയുടെ ബന്ധുക്കൾക്ക് സംശയത്തിന്റെ ആക്കം കൂട്ടുന്നുണ്ട്.

Exit mobile version