Site iconSite icon Janayugom Online

ജയ്പൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്കൂളിന് ഗുരുതര സുരക്ഷാ വീഴ്ച, സിബിഎസ്ഇ റിപ്പോർട്ട് പുറത്ത്

ജയ്പൂരിലെ പ്രശസ്തമായ ഒരു സ്കൂളിൽ ആത്മഹത്യ ചെയ്ത നാലാം ക്ലാസ് വിദ്യാർത്ഥിനി അമൈര കുമാർ മീണ നേരിട്ടത് സഹിക്കാനാകാത്ത മാനസിക പീഡനവും അധിക്ഷേപങ്ങളുമെന്ന് സി ബി എസ് ഇയുടെ അന്വേഷണ റിപ്പോർട്ട്. മാസങ്ങളായി കുഞ്ഞ് അനുഭവിച്ചുതീർത്ത സമ്മർദ്ദങ്ങളിൽ സ്കൂൾ അധികൃതർ യാതൊരു പിന്തുണയും നൽകിയില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്‍റെ (സി ബി എസ് ഇ) രണ്ടംഗസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയാണ് അമൈര മരിച്ചത്. ക്ലാസ് മുറിയിൽ താൻ നേരിടുന്ന മാനസിക പീഡനങ്ങളിൽ കുട്ടി പലവട്ടം അധ്യാപികയോട് സഹായം തേടിയെങ്കിലും പിന്തുണ ലഭിച്ചില്ലെന്നും പകരം അധ്യാപിക അവളോട് കയർക്കുകയും ക്ലാസിൽ ഒറ്റപ്പെടുത്തുകയാണുമുണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കുട്ടിയെ സഹപാഠികളിൽ ചിലർ ഭീഷണിപ്പെടുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നതായും, ആവർത്തിച്ചുള്ള പരാതികൾ സ്കൂൾ അധികൃതർ അവഗണിച്ചതായും മാതാപിതാക്കളും ആരോപിച്ചു. 18 മാസത്തോളം അമൈര ഭീഷണി നേരിട്ടിരുന്നതായും മോശം വാക്കുകൾ കേൾക്കേണ്ടി വന്നിരുന്നതായും സി ബി എസ് ഇ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ക്ലാസ് ടീച്ചർ പുനീത ശർമ്മ മാതാപിതാക്കൾ നൽകിയ പരാതികളെ പലതവണ തള്ളിക്കളഞ്ഞു. 

മരണത്തിന് മണിക്കൂറുകൾക്ക് മുൻപുള്ള സി സി ടി വി ദൃശ്യങ്ങളിൽ അമൈറ കളിചിരികളിലേർപ്പെടുകയും നൃത്തം ചെയ്യുകയും ചോക്ലേറ്റും ഗോൾഗപ്പയും കഴിക്കുകയും ചെയ്യുന്നുണ്ട്. അതിനുശേഷം അവൾ അസ്വസ്ഥയായി കാണപ്പെട്ടെന്നും, ഈ സമയം ഒരു കൂട്ടം ആൺകുട്ടികളുടെ ഭാഗത്തുനിന്ന് ചില ഇടപെടലുകൾ അവളെ അസ്വസ്ഥപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാമെന്നും റിപ്പോർട്ട് പറയുന്നു. ഈ സാഹചര്യങ്ങളിലെല്ലാം അധ്യാപികയുടെ ഇടപെടൽ ആവശ്യമായിരുന്നുവെന്ന് സി ബി എസ് ഇ നിരീക്ഷിച്ചു. വിദ്യാർത്ഥികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടതിന് തെളിവാണ് ഗ്രൗണ്ട് ഫ്ലോറിലെ ക്ലാസ് മുറിയിൽ നിന്ന് കെട്ടിടത്തിന്‍റെ നാലാം നിലയിലേക്ക് കുട്ടിക്ക് എത്താൻ കഴിഞ്ഞതെന്നും, അപകടങ്ങൾ തടയാൻ ഉയർന്ന നിലകളിൽ സുരക്ഷാ സ്റ്റീൽ വലകൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫൊറൻസിക് പരിശോധനകൾക്കു മുൻപ് തന്നെ കുട്ടി വീണ സ്ഥലം സ്കൂൾ അധികൃതർ കഴുകിയതും സംശയാസ്പദമാണെന്നും സി ബി എസ് ഇ ചൂണ്ടിക്കാട്ടുന്നു.

Exit mobile version