രാജ്യത്തെ ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള ജല്‍ ജീവന്‍ മിഷന് 46 ശതമാനം പദ്ധതി തുക വെട്ടിക്കുറയ്കാന്‍ നിര്‍ദേശം. 1.25 ലക്ഷം കോടി രൂപയാണ് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാനല്‍ നിര്‍ദേശം നല്‍കിയത്. 2028 വരെയാണ് തുക വെട്ടികുറയ്ക്കുക. ഇതോടെ 1.25 ലക്ഷം കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ പേറേണ്ടിവരുമെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2019 ല്‍ 16 കോടി ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച പദ്ധതിയാണ് ജല്‍ജീവന്‍ മിഷന്‍. 2028 ല്‍ പദ്ധതി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ 2.79 ലക്ഷം കോടി രൂപ ജലശക്തി മന്ത്രാലയം കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് നിലനില്‍ക്കെയാണ് 1.25 ലക്ഷം കോടി പദ്ധതിയില്‍ നിന്ന് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാനല്‍ നിര്‍ദേശം സമര്‍പ്പിച്ചത്. എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി അധ്യക്ഷനായ എക്സ്പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റി (ഇഎഫ്‌സി) ഇതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചത്.
കഴിഞ്ഞമാസം 13 ന് നടന്ന യോഗത്തില്‍ പദ്ധതിക്കായി 1.51 ലക്ഷം കോടി രൂപ മാത്രം അനുവദിക്കാനും സമിതി അനുമതി നല്‍കി. മൊത്തം മുടക്കുമുതല്‍ തുകയായ 41,000 കോടി 8.69 ലക്ഷം കോടിയായി വെട്ടിച്ചുരുക്കാനും യോഗം തീരുമാനിച്ചു. പദ്ധതി വിലയിരുത്തല്‍ മാത്രമാണ് ഇഎഫ്‌സി നടത്താറുള്ളു. ബന്ധപ്പെട്ട മന്ത്രാലയത്തിന് ഉയര്‍ന്ന വിഹിതവും കേന്ദ്ര ഫണ്ടും ഇനിയും ആവശ്യപ്പെടാമെന്നും സമിതിയംഗം പ്രതികരിച്ചു. എന്നാല്‍ സമിതി ശുപാര്‍ശ സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയും ഇതോടൊപ്പം ശക്തമായി.

