Site iconSite icon Janayugom Online

മെലിസയില്‍ വിറച്ച് ജമെെക്ക; മൂന്ന് മരണം

കരീബിയന്‍ ദ്വീപ് രാജ്യമായ ജമെെക്കയില്‍ നാശം വിതച്ച് മെലിസ ചുഴലിക്കാറ്റ്. മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ‑ക്ഷേമ മന്ത്രാലയം സ്ഥിരീകരിച്ചു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. ജമൈക്കയുടെ ചില ഭാഗങ്ങളിൽ 40 മില്ലിമീറ്റര്‍ വരെ മഴയും ജീവന് ഭീഷണിയായ തിരമാലയും ഉണ്ടാകുമെന്ന് യുഎസ് നാഷണൽ ഹറിക്കേൻ സെന്റർ മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടും മിക്ക കുടുംബങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറായിട്ടില്ല. ദ്വീപിനെ പല വിഭാഗങ്ങളായി തിരിച്ചാണ് മെലിസയെ നേരിടാനുള്ള തയ്യാറെടുപ്പ് നടക്കുന്നത്.
20,000 ആളുകളെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള 850 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് പറഞ്ഞു. കഴിഞ്ഞ ദിവസം 52,000ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസം നേരിട്ടതായി ജമൈക്ക പബ്ലിക് സർവീസ് (ജെപിഎസ്) അറിയിച്ചു. ദുരിതബാധിതരിൽ 30,000ത്തിലധികം പേർക്ക് വൈദ്യുതി പുനഃസ്ഥാപിച്ചതായി ജെപിഎസ് കൂട്ടിച്ചേര്‍ത്തു.

2025ലെ അറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസണിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മെലിസ എന്നും 1988ലെ ഗിൽബെർട്ടിനു ശേഷം ജമൈക്കയിൽ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു. കാറ്റിന്റെ വേഗതയും കേന്ദ്ര മർദവും കണക്കാക്കുമ്പോള്‍ ലോകത്ത് ഈ വർഷം ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്നും കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു. മണിക്കൂറിൽ 282 കിലോമീറ്റര്‍ വേഗതയിലാണ് മെലിസയുടെ സഞ്ചാരം. യുഎസ് നാഷണൽ ഹറിക്കേൻ സെന്റർ മെലിസയെ അഞ്ചാം കാറ്റഗറി ചുഴലിക്കാറ്റായി ഉയര്‍ത്തിയിരുന്നു. ഹെയ്തിയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഇതിനോടകം നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീരത്തോട് അടുക്കുമ്പോൾ മെലിസയുടെ വേഗത കുറയുന്നത് കരയിൽ പേമാരി ശക്തമാകാൻ കാരണമാകും. ഇത് മാരകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത കൂട്ടും. ചൊവ്വാഴ്ച രാത്രി ക്യൂബയിൽ എത്തുന്ന ചുഴലിക്കാറ്റ് ഇന്ന് തെക്കുകിഴക്കൻ ബഹാമാസിന് കുറുകെ നീങ്ങും. 

Exit mobile version