Site icon Janayugom Online

ജാമിയ മിലിയ സംഘര്‍ഷം: വാദംകേൾക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ജാമിയ മിലിയയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഷർജീൽ ഇമാം ഉള്‍പ്പെടെ 11 പേരെ വിട്ടയച്ച ഡൽഹി കോടതി ജഡ്ജി സമാനമായ കേസില്‍ വാദംകേൾക്കുന്നതിൽ നിന്ന് പിന്മാറി.വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാകേത് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അരുള്‍ വര്‍മയുടെ പിന്മാറ്റം. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും സെഷന്‍സ് ജഡ്ജിയും ചേര്‍ന്ന് ഫെബ്രുവരി 13ന് ബെഞ്ച് മാറ്റം സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കും.

ഷര്‍ജീല്‍ ഇമാമിന് പുറമെ സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ തുടങ്ങിയവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇവരെ കുറ്റവിമുക്തരാക്കിയ ഉത്തരവില്‍ ഡല്‍ഹി പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ജസ്റ്റിസ് വര്‍മ ഉന്നയിച്ചത്. കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും വിദ്യാര്‍ഥികളെ മനപ്പൂര്‍വം ബലിയാടാക്കിയതാണെന്നും ജഡ്ജി പറഞ്ഞു.

വിയോജിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായ മൗലികാവകാശമാണെന്നും അത് സംരക്ഷിക്കാന്‍ കോടതി പ്രതിജ്ഞാബദ്ധമാണെന്നും ജസ്റ്റിസ് വര്‍മ വിധിന്യായത്തില്‍ പറഞ്ഞിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ പൊലീസ് ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നാളെ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ ബെഞ്ച് പരിഗണിക്കും.

Eng­lish Summary;Jamia Mil­ia dis­pute: Judge with­draws from hearing

You may also like this video

Exit mobile version