Site iconSite icon Janayugom Online

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ പരീക്ഷാ ചോദ്യം; വർഗീയധ്രുവീകരണ ശ്രമം ആരോപിച്ച് അധ്യാപകന് സസ്പെൻഷൻ

ജാമിയ മില്ലിയ ഇസ്ലാമിയ (ജെഎംഐ) സർവകലാശാലയിലെ ബിരുദ പരീക്ഷാ ചോദ്യപേപ്പറിനെച്ചൊല്ലിയുണ്ടായ വിവാദത്തെത്തുടർന്ന് സോഷ്യൽ വർക്ക് വിഭാഗത്തിലെ മുതിർന്ന പ്രൊഫസറെ സസ്പെൻഡ് ചെയ്തു. പ്രൊഫസർ വീരേന്ദ്ര ബാലാജി ഷഹാരെ തയ്യാറാക്കിയ ചോദ്യപേപ്പറിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന പരാതിയെത്തുടർന്നാണ് നടപടി. ബി.എ. (ഓണേഴ്സ്) സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ‘ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ’ എന്ന പേപ്പറിലെ ഒരു ചോദ്യമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ‘ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ഉദാഹരണ സഹിതം വിശദീകരിക്കുക’ എന്നായിരുന്നു ചോദ്യം. ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു.

പ്രൊഫസർ ഷഹാരെയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും അശ്രദ്ധയും ഉണ്ടായതായി രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും അന്വേഷണം പൂർത്തിയാകുന്നത് വരെ ഡൽഹി വിട്ടുപോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസിനോട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുമെന്നും സർവ്വകലാശാല വ്യക്തമാക്കി.

വിവാദ ചോദ്യത്തിലൂടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത ആരോപിച്ചു. സമ്മിശ്ര വിദ്യാർഥി സമൂഹമുള്ള ഒരു കേന്ദ്ര സർവ്വകലാശാലയിൽ ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത് മോശം ഉദ്ദേശ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version