ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സന്നദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ സംസ്ഥാന പദവി സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയ്ക്കുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം തുടരുന്നതിനിടെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലപാട് അറിയിച്ചത്. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന തീരുമാനം തെരഞ്ഞടുപ്പ് കമ്മിഷന് സ്വീകരിക്കാം. വോട്ടര്‍പട്ടിക പരിഷ്കരിക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പിന്നാലെ നിയമ സഭ തെരഞ്ഞടുപ്പ് നടത്താവുന്നതാണ്.
ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കേന്ദ്രഭരണം താല്‍ക്കാലികം മാത്രമാണ്. അത് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. എന്നാല്‍ സംസ്ഥാനപദവി ഏപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് ഇപ്പോള്‍ തീരുമാനം എടുക്കാനാകില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ ബോധിപ്പിച്ചു. നിലവിലെ ക്രമീകരണം അവസാനിപ്പിക്കണമെന്നും കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും കഴിഞ്ഞദിവസം വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
English Summary: Jammu and Kashmir: Ambiguity on statehood, Center ready for elections
You may also like this video