Site iconSite icon Janayugom Online

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്;കോണ്‍ഗ്രസിനെ നയിക്കാന്‍ ഗുലാംനബി ആസാദിനുമേല്‍ സമ്മര്‍ദ്ദം, പിന്നില്‍ സോണിയ

രാജ്യത്തുടനീളം തകര‍ന്നടിയുന്ന കോണ്‍ഗ്രസ് നിലനില്‍പ്പിനായി ശ്രമിച്ചുകൊണ്ടിരിക്കേ തന്നെ പാര്‍ട്ടിയില്‍ നിന്നും നിരവധിനേതാക്കളും, പ്രവര്‍ത്തകരും മററ് പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിലമെച്ചപെടുത്താനുള്ള ഭഗീരത്ഥപ്രയത്നത്തിലുമാണ് പാര്‍ട്ടി ഹൈക്കമാന്‍റ്. ജമ്മുകശ്മീരില്‍ പുതിയ പരീക്ഷണത്തിനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ഗുലാംനബി ആസാദിനെ രംഗത്തുകൊണ്ടുവന്ന് മുന്നില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമത്തിലാണ്. ജി32നേതാക്കളില്‍ പ്രമുഖനായ ഗുലാംനബിയെ രംഗത്തുകൊണ്ടുവരുന്നതിനു പിന്നില്‍ പാര്‍ട്ടി താല്‍ക്കാലിക അധ്യക്ഷ സോണിയഗാന്ധിയുെട താല്‍പര്യമാണ്.

നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടുകളോട് ഏറെ വിയോജിപ്പ് പ്രകടിപ്പിക്കുന്ന നേതാവാണ് ആസാദ്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് വിട്ട് പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഹകരിച്ച് ജമ്മുകശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ആസാദ് നേരിടുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ പുതിയ വാര്‍ത്ത പ്രചരിക്കുന്നത്. നേരത്തെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചതിനെ തുടര്‍ന്ന ആസാദ് പാര്‍ട്ടിയുമായി സഹകരിക്കാതെ നില്‍ക്കുകയായിരുന്നു.ഇതിനിടയില്‍ സോണിയഗാന്ധി വിളിച്ച് ഓഫര്‍ നല്‍കിയെങ്കിലും അദ്ദേഹം അതു നിഷേധിച്ചു. സോണിയാ ഗാന്ധി നേരിട്ട് വിളിച്ച് ഓഫര്‍ ചെയ്തതാണ് ഈ പദവി. അതിനൊന്നും താനില്ലെന്ന് മുഖത്ത് നോക്കി ഗുലാം നബി പറഞ്ഞതായി പറയപ്പെടുന്നുരാജ്യസഭാ ടിക്കറ്റ് കൊടുക്കാതെ മാറ്റി നിര്‍ത്തിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഇത്തരമൊരു ശ്രമം നടത്തിയത്. എന്നാല്‍ സോണിയയുടെ നീക്കങ്ങള്‍ പരാജയപ്പെട്ടു. ആസാദിന് രാജ്യസഭാ സീററ് നല്‍കാത്തതിനും, പാര്‍ട്ടി ഹൈകാകമാന്‍റ് നിരന്തരം അവഗണിക്കുന്നതിലും കശ്മീരില്‍ ആസാദിന്റെ അനുനായികളില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരുന്നത്.

ഗുലാം നബി ആസാദിന് ഇതുവരെയില്ലാത്ത ഒരു പദവിയാണ് സോണിയ ഓഫര്‍ ചെയ്തത്. രാജ്യസഭയിലേക്ക് വീണ്ടും ആസാദിനെ അയക്കാതിരുന്നത് രാഹുല്‍ ഗാന്ധിയായിരുന്നു. സോണിയക്ക് പഴയ പോലെ തീരുമാനങ്ങളെടുക്കാന്‍ കഴിയില്ല. അതിനാലാണ് ഗുലാംനബിക്ക് രാജ്യസഭാ സീറ്റ് നല്‍കാതെ പോയത്. പക്ഷേ ഗുലാം നബിയെ വിളിച്ച് മറ്റൊരു ഓഫര്‍ സോണിയാ ഗാന്ധി നല്‍കി. കോണ്‍ഗ്രസിലെ രണ്ടാം സ്ഥാനം അദ്ദേഹത്തിന് നല്‍കാനായിരുന്നു സോണിയയുടെ പ്ലാന്‍. എന്നാല്‍ താന്‍ ആ സ്ഥാനത്തേക്ക് ഇല്ലെന്ന് പറഞ്ഞു. ഗുലാം നബി ഇങ്ങനെ പ്രതികരിക്കുമെന്ന് സോണിയ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രാജ്യസഭയിലേക്ക് ഗുലാം നബിയെ അയക്കണമെന്ന് സോണിയക്കുണ്ടായിരുന്നു. എന്നാല്‍ സോണിയയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ആസാദ് ഇക്കാര്യം സംസാരിച്ചതേയില്ല. എന്നാല്‍ സംഘടനയില്‍ രണ്ടാമനായി പ്രവര്‍ത്തിക്കാന്‍ ആസാദിന് ആഗ്രഹമുണ്ടോ എന്നായിരുന്നു സോണിയയുടെ ചോദ്യം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ടീമിനെ മുന്നില്‍ കണ്ടാണ് ആസാദ് നോ പറഞ്ഞിരിക്കുന്നത്. ഇവരുടെ ടീം ഒരു തരം സൈബര്‍ ആക്രമണ സ്വഭാവമുള്ളവരാണ്.

സീനിയര്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയാവുന്നത് കൊണ്ടാണ് ഗുലാം നബി തന്ത്രപരമായി ആ സ്ഥാനം വേണ്ടെന്ന് അറിയിച്ചത്. കോണ്‍ഗ്രസിലെ യുവാക്കളുമായി ഒത്തുപോകാനാവില്ലെന്ന് ഗുലാം നബി സോണിയയെ അറിയിച്ചു. പാര്‍ട്ടിയെ നയിക്കുന്ന യുവാക്കളും സീനിയര്‍ നേതാക്കളും തമ്മില്‍ വലിയ തലമുറ വ്യത്യാസമാണുളളത്. മുമ്പ് അതില്ലായിരുന്നു. ഞങ്ങളുടെ ചിന്തകളും അവരുടെ ചിന്തകളും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. പാര്‍ട്ടിയിലെ യുവാക്കള്‍ എന്നെ പോലുള്ള വെറ്ററന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും ആസാദ് സോണിയയെ അറിയിച്ചു. ടീം രാഹുല്‍ സീനിയര്‍ നേതാക്കളെ വര്‍ഷങ്ങളായി ഒതുക്കാന്‍ നോക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പലപ്പോഴും ഇവര്‍ വിമര്‍ശനവും നേരിടാറുണ്ട്. 2017ല്‍ രാഹുല്‍ അധ്യക്ഷനായത് മുതല്‍ ഇത് തുടര്‍ന്നിരുന്നതായി അദേഹം പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ .രാഹുലിന്റെ ടീമിന് തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിടുന്നതോടെ സീനിയേഴ്‌സിന് എപ്പോഴും മേല്‍ക്കൈ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഹുലിന് സമ്പൂര്‍ണ ആധിപത്യമാണ് പാര്‍ട്ടിയില്‍.

അതുകൊണ്ട് വലിയ പദവികള്‍ ഏറ്റെടുക്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് ഗുലാം നബി ആസാദിന് അറിയാം. പാര്‍ട്ടിയില്‍ ആസാദിനെ ഒതുക്കാന്‍ കാത്തിരിക്കുകയാണ് യുവ നേതാക്കള്‍. എന്നാല്‍ മറ്റൊരു സംസ്ഥാനത്തിന്റെയും ചുമതല വഹിക്കാന്‍ ഗുലാം നബി തയ്യാറല്ല. ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ ഉറപ്പായും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. രാഹുലിനൊപ്പം പ്രവര്‍ത്തിച്ചാല്‍ യുവാക്കളുടെ കുത്തുവാക്ക് വേറെയും സഹിക്കേണ്ടി വരും. പുതിയ ആളുകള്‍ സംഘടനയുടെ മുന്നില്‍ എത്തട്ടെയെന്നാണ് ആസാദ് സോണിയയെ അറിയിച്ചത്. എന്നാല്‍ ഗുലാംനബി ആസാദിനെ ജമ്മുകാശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി കൊണ്ടുവരുവാന്‍ കോണ്‍ഗ്രസില്‍ വന്‍ ചരടുവലിയാണ് നടക്കുന്നത്.

ആസാദ് കോൺഗ്രസിന്റെ ജി-23 ഗ്രൂപ്പിലെ ‘വിയോജിപ്പുകളുടെ’ ശബ്ദമുയർത്തിയ നേതാവാണെങ്കിലും രണ്ട് ദിവസത്തെ മീറ്റിംഗില്‍ അദ്ദേഹം നിർണായക സ്ഥാനമായിരുന്നു വഹിച്ചിരുന്നത്. സംസ്ഥാനത്തിന്റെ ചുമതല ഒരിക്കല്‍ കൂടി ആസാദിനെ ഏല്‍പ്പിച്ച് ശക്തമായ ഒരു തിരിച്ച് വരവാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഹൈക്കമാൻഡ് ഏറ്റവും മികച്ച ഒരു നേതാവായിട്ടാണ് കാണുന്നത്.മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ വീണ്ടും കോണ്‍ഗ്രസിനെ നയിച്ചേക്കും. ജെ കെ പി സി സിയുടെ പുതിയ പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം മാറ്റിവെച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഗുലാംനബി ആസാദിന്റെ പേര് ഉയർന്ന് വന്നത്. ജമ്മുകശ്മീരില്‍ നിന്നുള്ള നേതാക്കളുമായി രണ്ട് ദിവസത്തെ കൂടിയാലോചന നടത്തിയ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുതിർന്ന നേതാവ്അംബികാ സോണി എന്നിവർ പുതിയ പി സി സി അധ്യക്ഷനെ നിയമിക്കാനുള്ള തീരുമാനം തല്‍ക്കാലം മാറ്റിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത വേണുഗോപാൽ ജമ്മു കശ്മീരിലെ പാർട്ടിയിലെ വിഭാഗീയത അവസാനിപ്പിച്ച് ഐക്യം പുലർത്തേണ്ടതിന്റെ ആവശ്യകതയായിരുന്നു ഊന്നിപ്പറഞ്ഞത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കിൽ എല്ലാ നേതാക്കളും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് യോജിച്ച മുഖത്തോടെ പൂർണ്ണ ശക്തിയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു.കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിരന്തരമായ അഭ്യര്‍ഥന പരിഗണിച്ചാണ് ഹൈക്കമാന്റ് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്. ഈ വര്‍ഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പ്രാദേശിക പാര്‍ട്ടികളെ മറികടന്ന് കോണ്‍ഗ്രസിന് കുതിക്കണമെങ്കില്‍ ആസാദ് തിരിച്ചെത്തണമെന്നാണ് കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. 2019ലാണ് കശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് പിന്നീട് ചെയ്തത്. ഇതില്‍ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമാണ്. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍ന്നോട്ടത്തിലാകും ലഡാക്ക്. എന്നാല്‍ ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഡല്‍ഹി മോഡല്‍ ഭരണമാകും ഇവിടെ. ലഫ്. ഗവര്‍ണര്‍ കേന്ദ്ര പ്രതിനിധിയായി കശ്മീരിലുണ്ടാകും. നിലവില്‍ ലഫ്. ഗവര്‍ണറാണ് കശ്മീരില്‍ ഭരണം നടത്തുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നത്.

ഇതുപ്രകാരം ഈ വര്‍ഷം അവസാനത്തില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കശ്മീര്‍.കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും ഗുലാം നബി ആസാദിനെ നിയമിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ ആകും പ്രഖ്യാപനം നടത്തുക. കശ്മീര്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. വിവിധ നേതാക്കള്‍ക്ക് കീഴിലായി അണികള്‍ ചേരിതിരിഞ്ഞ് നില്‍ക്കുകയാണ്. ആസാദ് കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയാല്‍ ഭിന്നതകള്‍ മറന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് പഠനം നടത്തിയ ശേഷമാണ് ഹൈക്കമാന്റ് പുതിയ തീരുമാനം എടുത്തിരിക്കുന്നതത്രെ. പ്രഖ്യാപനം ദിവസങ്ങള്‍ക്കകമുണ്ടാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. കശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ഒരു യോഗം അടുത്തിടെ ഡല്‍ഹിയില്‍ നടന്നിരുന്നു. ആസാദ് കൂടി പങ്കെടുത്ത ഈ യോഗത്തിലാണ് പുതിയ ധാരണകള്‍ ഉണ്ടാക്കിയത്.

കശ്മീരില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് തിരിച്ചുവരാനുള്ള അവസാന പ്രയോഗമായിട്ടാണ് ആസാദിനെ മുന്നില്‍ നിര്‍ത്തുന്നത്.മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യന്‍ ആര് എന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരേ ഉത്തരമാണ്. ആസാദ് അല്ലാതെ മറ്റൊരു നേതാവ് ഈ സ്ഥാനത്തേക്ക് ഇല്ല. കശ്മീരില്‍ നിന്നുള്ള പ്രമുഖനായ നേതാവാണ് ആസാദ്. എല്ലാ വിഭാഗവും ഒരുപോലെ അംഗീകരിക്കുന്ന വ്യക്തിയുമാണ്- കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജിഎം സരൂരിയും ഗുലാം നബി മോംഗയും അഭിപ്രായപ്പെടുന്നു . ഗുലാംനബി നേതൃസ്ഥാനത്ത് എത്തിയാല്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൂര്‍ണ സ്വാന്ത്ര്യം ചോദിക്കും. എന്നാല്‍ രാഹൂല്‍ഗാന്ധിയും, അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരും എന്തുനിലപാട് എടുക്കും എന്ന കാര്യത്തിലും പാര്‍ട്ടിയില്‍ തന്നെ ആശങ്ക നിലനില്‍ക്കുന്നു.

Eng­lish Sum­ma­ry: Jam­mu and Kash­mir assem­bly elec­tions; Pres­sure on Ghu­lam Nabi Azad to lead Con­gress, Sonia behind

You may also like this video:

Exit mobile version