ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. അനുച്ഛേദം 370 റദ്ദാക്കിയശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞമാസം 18 നും രണ്ടാംഘട്ടം 25 നുമായിരുന്നു. 40 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 39.18 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. സ്വതന്ത്രരടക്കം 415 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. 5,060 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കുപ് വാര, ബാരാമുള്ള, ബന്ധിപേര, ഉദംപൂര്‍, സാംബ തുടങ്ങിയ മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 90 അംഗ നിയമസഭാ സീറ്റിലേക്കുള്ള വോട്ടെണ്ണല്‍ ഈമാസം എട്ടിന് നടക്കും.
ആദ്യഘട്ട വോട്ടെടുപ്പില്‍ 61 ശതമാനം പോളിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. 56 ശതമാനമായിരുന്നു രണ്ടാംഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത്. മൂന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സുരക്ഷാ സേന സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.
തീവ്രവാദ ഭീഷണി കണക്കിലെടുത്ത് പ്രധാന നഗരങ്ങളിലും ചെക്ക് പോസ്റ്റുകളിലും അധിക സേനയെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ജെയ്ഷെ മുഹമ്മദ് ഭീകരർ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. നിയന്ത്രണരേഖയോട് ചേർന്നുള്ള സോനാറിൽ നാലോ അഞ്ചോ ഭീകരർ നുഴഞ്ഞുകയറ്റത്തിന് തയ്യാറായി നിൽക്കുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.