Site icon Janayugom Online

ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് നിരോധനം കശ്മീരില്‍

കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് ജമ്മു കശ്മീരിലാണെന്ന് പഠനം. 24 തവണയാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്തത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലാകെ 10 തവണയാണ് ഇത്തരം നടപടികള്‍ ഉണ്ടായതെന്നും വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ദാതാവായ സർഫ്ഷാർക്ക് പുറത്തുവിട്ട പഠനത്തില്‍ പറയുന്നു. മുന്‍കരുതല്‍ നടപടിയാണെന്ന ന്യായീകരണത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്യുന്നത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ധിച്ചത്. 2019 ഓഗസ്റ്റ് മുതല്‍ 2020 ജനുവരി വരെ ജമ്മു കശ്മീര്‍ നിവാസികള്‍ക്ക് പൂര്‍ണമായും ഇന്റര്‍നെറ്റ് സേവനം നിഷേധിക്കപ്പെട്ടു. അതിനുശേഷം 2ജി ഇന്റര്‍നെറ്റ് അനുവദിച്ചു. പിന്നീട് ഏകദേശം 18 മാസങ്ങള്‍ക്ക് ശേഷമാണ് അധികൃതര്‍ 4ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്. ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ എല്ലാ സംഭവങ്ങളും രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം 32 രാജ്യങ്ങളിലായി ഇന്റ‍ര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച 112 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 4.2 ബില്യൺ ആളുകൾ ഇന്റർനെറ്റ് സെൻസർഷിപ്പിന് വിധേയരായിട്ടുണ്ടെന്നും ഈ കേസുകളിൽ 47 ശതമാനവും ഏഷ്യൻ രാജ്യങ്ങളിലാണെന്നും സർഫ്ഷാർക്ക് പറഞ്ഞു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇന്റർനെറ്റ് നിയന്ത്രണ കേസുകൾ 40 ശതമാനം കുറഞ്ഞതായും പഠനത്തില്‍ പറയുന്നു.

Eng­lish Sum­ma­ry: Jam­mu and Kash­mir record­ed high­est inter­net ban in the world
You may also like this video

Exit mobile version