Site icon Janayugom Online

ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ 20 ശതമാനവും നിര്‍ജീവം

രാജ്യത്ത് ജൻ ധൻ യോജനക്ക് കീഴില്‍ ആരംഭിച്ച 20 ശതമാനം ബാങ്ക് അക്കൗണ്ടുകളും പ്രവര്‍ത്തന രഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ മാസം ആറു വരെയുള്ള കണക്കനുസരിച്ച് 51.11 കോടി പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളില്‍ 20 ശതമാനവും പ്രവര്‍ത്തനരഹിതമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് രാജ്യസഭയെ അറിയിച്ചു. ഇത്തരത്തിലുള്ള 10.34 കോടി അക്കൗണ്ടുകളില്‍ 4.93 കോടി വനിതകളുടേതാണ്.

പ്രവര്‍ത്തന രഹിത അക്കൗണ്ടുകളിലായി 12,779 കോടി രൂപ ഉണ്ടെന്നും ഇത് ആകെ ജൻ ധൻ അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ 6.12 ശതമാനമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ആര്‍ബിഐ നിയമമനുസരിച്ച് രണ്ടു വര്‍ഷത്തോളം ഇടപാടുകള്‍ ന‍‍ടത്താത്ത സേവിങ്സ്, കറണ്ട് അക്കൗണ്ടുകളെ പ്രവര്‍ത്തനരഹിതമായി കണക്കാക്കും.

എന്നാല്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബാങ്കിനെ സമീപിക്കാമെന്നും ചാര്‍ജില്ലാതെ തന്നെ അക്കൗണ്ട് വീണ്ടെടുക്കാനും കഴിയും. കെവൈസി വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയ ശേഷം അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നും കരാഡ് അറിയിച്ചു.

Eng­lish Sum­ma­ry: jan-dhan-yojana
You may also like this video

Exit mobile version