Site iconSite icon Janayugom Online

‘ജന നായകൻ’ റിലീസ് പ്രതിസന്ധിയിൽ; രാഷ്ട്രീയ ഡയലോഗുകൾ മാറ്റാൻ വിസമ്മതിച്ച് വിജയ്: മദ്രാസ് ഹൈക്കോടതിയുടെ വിധി 27ന്

വിജയ് നായകനായ ‘ജന നായകൻ’ സിനിമയുടെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. സെൻസർ ബോർഡുമായുള്ള നിയമപോരാട്ടത്തിൽ മദ്രാസ് ഹൈക്കോടതി ഈ മാസം 27ന് വിധി പറയാനിരിക്കെ, റിപ്പബ്ലിക് ദിനത്തിന് ചിത്രം തിയേറ്ററുകളിൽ എത്തില്ലെന്ന് ഉറപ്പായി. ഫെബ്രുവരി ആദ്യവാരം ചിത്രം റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.

500 കോടി രൂപയുടെ ബജറ്റിൽ ഒരുങ്ങിയ ചിത്രം വൈകുന്നത് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സിനിമയിലെ രാഷ്ട്രീയ സംഭാഷണങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടെങ്കിലും വിജയ് അതിന് തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. റിലീസ് അനിശ്ചിതത്വത്തിലായതോടെ ഒടിടി പങ്കാളിയായ ആമസോൺ പ്രൈം വീഡിയോ നിയമനടപടിക്ക് ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ ഫെബ്രുവരി ആറ് അല്ലെങ്കിൽ 13 തീയതികളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ഫെബ്രുവരിയിൽ മറ്റ് വലിയ റിലീസുകൾ ഇല്ലാത്തത് ചിത്രത്തിന് ഗുണകരമാകും. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ, ചിത്രം ഫെബ്രുവരി പകുതിയോടെ റിലീസ് ചെയ്തില്ലെങ്കിൽ പെരുമാറ്റച്ചട്ടം മൂലം പ്രദർശനം വീണ്ടും തടസ്സപ്പെടാൻ സാധ്യതയുണ്ട്.

Exit mobile version