നടൻ വിജയ്‌യുടെ ‘ജന നായകൻ’ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമതർക്കത്തിൽ നിർണ്ണായക നീക്കങ്ങളുമായി മദ്രാസ് ഹൈക്കോടതി. ചിത്രം മതസൗഹാർദ്ദം തകർക്കാൻ ഇടയാക്കുന്ന രംഗങ്ങൾ അടങ്ങിയതാണെന്ന സെൻസർ ബോർഡിന്റെ ആശങ്കകൾ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. വിദേശശക്തികൾ ഇന്ത്യയിൽ മതപരമായ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളും സൈന്യത്തെക്കുറിച്ചുള്ള പരാമർശങ്ങളും വിശദമായ പരിശോധന അർഹിക്കുന്നവയാണെന്ന് ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ചിത്രത്തിന് ഉടൻ സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് കോടതി റദ്ദാക്കി. സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ മതിയായ സമയം നൽകാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതോടെ കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസിന് തങ്ങളുടെ ഹർജിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

