Site iconSite icon Janayugom Online

‘ജനനായകൻ’ വിവാദം; വിജയ്ക്ക് അർഹമായ യാത്രയയപ്പ് നൽകണം: സെൻസർ ബോർഡുമായുള്ള നിയമപോരാട്ടത്തിൽ വികാരാധീനനായി നിർമ്മാതാവ്

വിജയ് ചിത്രം ‘ജനനായകൻ’ നേരിടുന്ന സെൻസർ ബോർഡ് പ്രതിസന്ധികളെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് നിർമ്മാതാവ് വെങ്കട്ട് കെ നാരായണ രംഗത്തെത്തി. മദ്രാസ് ഹൈക്കോടതിയിൽ സിബിഎഫ്‌സിയുമായി നടക്കുന്ന നിയമപോരാട്ടം അങ്ങേയറ്റം പ്രയാസകരമാണെന്നും പതിറ്റാണ്ടുകളായി സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് വിജയ്ക്ക് അർഹമായ ഒരു യാത്രയയപ്പ് നൽകാൻ അനുവദിക്കണമെന്നും കെവിഎൻ പ്രൊഡക്ഷൻസിന്റെ ഉടമ വീഡിയോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഡിസംബർ 18ന് സെൻസർ ബോർഡിന് സമർപ്പിച്ച ചിത്രത്തിന് ചില മാറ്റങ്ങളോടെ ‘UA 16+’ സർട്ടിഫിക്കറ്റ് നൽകാമെന്ന് ബോർഡ് അറിയിച്ചിരുന്നതായും നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ജനുവരി 9ന് റിലീസ് നിശ്ചയിച്ചിരിക്കെ, ജനുവരി 5ന് ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രം അപ്രതീക്ഷിതമായി റിവിഷൻ കമ്മിറ്റിക്ക് വിടുകയായിരുന്നു. പരാതിക്കാരൻ ആരാണെന്ന് വെളിപ്പെടുത്താൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ചിത്രത്തിന് അനുമതി നൽകിയെങ്കിലും മണിക്കൂറുകൾക്കകം ഡിവിഷൻ ബെഞ്ച് ഈ വിധി സ്റ്റേ ചെയ്യുകയും കേസ് ജനുവരി 21ലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സിനിമയ്ക്കായി കഠിനാധ്വാനം ചെയ്ത എല്ലാവർക്കും ഇത് വൈകാരികമായി ബുദ്ധിമുട്ടുള്ള നിമിഷമാണെന്നും നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാൽ റിലീസ് മുടങ്ങിയതിൽ ആരാധകരോടും വിതരണക്കാരോടും ക്ഷമ ചോദിക്കുന്നതായും നിർമ്മാതാവ് കൂട്ടിച്ചേർത്തു.

Exit mobile version