Site iconSite icon Janayugom Online

‘ജനനായകൻ’ തർക്കം സുപ്രീം കോടതിയിലേക്ക്; തടസ്സഹർജി നൽകി സെൻസര്‍ ബോര്‍ഡ്

വിജയ് ചിത്രം ‘ജനനായകൻ’ എന്ന സിനിമയുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട തർക്കം സുപ്രീം കോടതിയിലേക്ക്. ഈ വിഷയത്തിൽ കോടതി ഏതെങ്കിലും തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുൻപ് തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി. നടൻ വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ചിത്രവും രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രവുമായ ‘ജനനായകൻ’ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം ജനുവരി 9ന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ ബോർഡിന്റെ അനുമതി യഥാസമയം ലഭിക്കാത്തതിനാൽ പ്രദർശനം തടസ്സപ്പെടുകയായിരുന്നു.

ചിത്രത്തിന് ‘UA’ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും, ഇതിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഈ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്താണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ചത്. സിനിമയുടെ ഉള്ളടക്കത്തിലെ രാഷ്ട്രീയ പരാമർശങ്ങൾ സെൻസർ ബോർഡ് കർശനമായി പരിശോധിക്കുന്നതാണ് റിലീസ് വൈകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. സുപ്രീം കോടതി ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് ചിത്രത്തിന്റെ റിലീസിൽ നിർണ്ണായകമാകും.

Exit mobile version