Site iconSite icon Janayugom Online

ജനത കി അദാലത്ത്; മോഡി-ആര്‍എസ്എസിനോട് അഞ്ച് ചോദ്യങ്ങളുമായി കെജ്‌രിവാള്‍

kaka

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ചും ആര്‍എസ്എസിനോട് അഞ്ച് സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചും ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രിപദം രാജിവച്ചശേഷം സംഘടിപ്പിച്ച ജനത കി അദാലത്ത് പരിപാടിയിലാണ് കെജ്‌രിവാള്‍ മോഡിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

75 വയസ് പ്രായപരിധി നിശ്ചയിച്ച് പ്രധാനമന്ത്രി പദവിയില്‍ നിന്ന് എല്‍കെ അഡ്വാനിയെ ഒഴിവാക്കിയ പ്രായപരിധി മോഡിക്ക് ബാധകമാകമല്ലാത്തത് എന്തുകൊണ്ടെന്ന് ജനങ്ങളോട് വിശദീകരിക്കണം. ജനങ്ങള്‍ മറുപടി പ്രതീക്ഷിക്കുന്നതായും തന്റെ ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസ് അധ്യക്ഷന്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ തന്നെ ആര്‍എസ്എസിനെ തള്ളിപ്പറഞ്ഞതിനോടുള്ള നിലപാട് വ്യക്തമാക്കണം. ആര്‍എസ്എസ് പുത്രനായ മോഡിയും മാതൃസംഘടനയെ തള്ളിപ്പറയുകയാണ്.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മറ്റ് പാര്‍ട്ടികളെ നശിപ്പിക്കുകയും പ്രതിപക്ഷ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ബിജെപി നിലപാടിനോട് ആര്‍എസ്എസ് യോജിക്കുന്നുണ്ടോ? എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നതില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മറുപടി പറയണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

അഴിമതിക്കാരെ കൂട്ടുപിടിച്ച് ഭരണം നടത്തുന്ന മോഡി കള്ളക്കേസില്‍ എതിരാളികളെ തുറുങ്കില്‍ അടയ്ക്കുന്ന സമീപനം ശരിയാണോ എന്ന് ആര്‍എസ്എസ് വ്യക്തമാക്കണം. അഴിമതിക്കാരായ നേതാക്കളെ സുപ്രധാന പദവികളില്‍ അവരോധിക്കുന്ന നരേന്ദ്ര മോഡി തന്നെ അഴിമതിക്കാരനായി മാറിയത് മനഃപൂര്‍വം വിസ്മരിക്കാന്‍ പാടില്ല. ആര്‍എസ്എസ് ബീജത്തില്‍ നിന്ന് രൂപം പ്രാപിച്ച ബിജെപി നടത്തുന്ന കൊള്ളരുതായ്മ കണ്ടില്ലെന്ന് നടിക്കാന്‍ മാതൃസംഘടനയ്ക്ക് സാധിക്കുമോ എന്നും കെജ്‌രിവാള്‍ ചോദിച്ചു.
താന്‍ രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങളെ സേവിക്കാനാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. കളളപ്പണം വെളുപ്പിക്കല്‍ കേസ് വ്യജമായി സൃഷ്ടിച്ച് ജയിലില്‍ അടച്ച നടപടി മനോവേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version