ഇന്ത്യൻ ജുഡീഷ്യറിയെക്കുറിച്ച് കഴിഞ്ഞനാളുകളിൽ കേൾക്കുന്നതിലേറെയും വിമർശനമാണ്. രാജ്യത്ത് നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയശേഷം പരമോന്നത നീതിപീഠം പോലും ഭരണകൂടത്തിന്റെ ചൊല്പടിയിലാണെന്ന ആക്ഷേപവും ശക്തമാണ്. ഹിന്ദുത്വ ഫാസിസ്റ്റുകൾ നീതിപീഠങ്ങളിൽ സ്വാധീനം ചെലുത്തുന്നുവെന്ന് തെളിയിക്കുന്ന വിധികളാണ് പലപ്പോഴും പുറത്തു വരുന്നതും. അയാേധ്യാ വിധി, ശബരിമല കേസിലെ അനിശ്ചിതത്വം, ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുത്വ ഹർജിക്കാർക്കനുകൂലമായ തീർപ്പ് എന്നിവ ഉന്നത കോടതികളെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. അതേസമയം തന്നെ പെഗാസസ്, ബിൽക്കിസ് ബാനു കേസിലെ ജാമ്യം തുടങ്ങിയ കാര്യങ്ങളിലെ ഇടപെടൽ നീതിപീഠത്തിൽ വിശ്വാസമർപ്പിക്കാനുള്ള പ്രേരകങ്ങളുമാണ്.
രാജ്യം മതേതര റിപ്പബ്ലിക് ആണെങ്കിലും മതവിശ്വാസങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് ഭൂരിപക്ഷ മതത്തെ സംബന്ധിച്ച്, ശക്തമായ വിധിപറയാൻ കോടതികൾ തയാറാകുന്നില്ല എന്ന സാഹചര്യവും നിലവിലുണ്ട്. എന്നാൽ അപൂർവം ചില സന്ദർഭങ്ങളിൽ ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിധികളുണ്ടാകാറുണ്ട്. അങ്ങനെയൊരു നിലപാട് മൂന്ന് ദിവസം മുമ്പ് കേരള ഹെെക്കാേടതിയിൽ നിന്നുണ്ടായി. ഗുരുവായൂർ ക്ഷേത്രത്തിലെ ‘കോടതി വിളക്കി‘ന് വിലക്കേർപ്പെടുത്തിയ ശക്തമായ തീരുമാനമാണ് കോടതിയില്‍ നിന്നുണ്ടായത്. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടകസമിതി നടത്തുന്ന കോടതി വിളക്കിന്റെ പേരിലെ കോടതി എന്നത് ഒഴിവാക്കണമെന്നും ജുഡീഷ്യൽ ഓഫീസർമാർ നേരിട്ടോ അല്ലാതെയോ വിളക്കിന്റെ നടത്തിപ്പിലും സംഘാടനത്തിലും പങ്കാളികളാകരുതെന്നും തൃശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ ആണ് ഉത്തരവിട്ടത്. മതേതര ജനാധിപത്യസ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതത്തിന്റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ലെന്നാണ് ജസ്റ്റിസ് നമ്പ്യാർ ചൂണ്ടിക്കാട്ടിയത്. ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ കോടതികൾ ഏർപ്പെടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ‘കോടതി വിളക്ക്’ എന്നത് സംസ്ഥാനത്തെ കോടതികൾ ഏതെങ്കിലും തരത്തിൽ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുന്നുവെന്ന് വിലയിരുത്തിയാണ് പേരിന് വിലക്കേർപ്പെടുത്തിയത്.
സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ബാങ്ക് വിളക്കും കോടതി വിളക്ക് പോലെ തന്നെ തെറ്റിദ്ധാരണാജനകമായ പൊലീസ് വിളക്കും നിലവിലുണ്ട്. ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടീഷ് ഭരണകാലത്ത് കോടതി വിളക്ക് തുടങ്ങിയത്. തലശ്ശേരി സ്വദേശി അബ്ദുള്ളക്കേയി മുൻസിഫായിരിക്കെ അതിന് ധാർമ്മിക പിന്തുണ നൽകുകയും ചെയ്തു. അങ്ങനെ കോടതി ഉദ്യോഗസ്ഥർ നേരിട്ട് വിളക്ക് നടത്തിപ്പിന്റെ ഭാഗമാവുകയായിരുന്നു. കുറച്ചുകാലത്തിന് ശേഷം ഹൈ ക്കോടതി ദേവസ്വം ബെഞ്ചിലെ ഒരു മുതിര്‍ന്ന ജഡ്ജിയാണ് ഈ വിളക്ക് കൂടുതൽ ഗംഭീരമാക്കണമെന്നും എല്ലാ ഹിന്ദു ജുഡീഷ്യൽ ഓഫീസർമാരും സഹകരിക്കണമെന്നുമുള്ള ആശയം മുന്നോട്ടുവച്ചത്. ഇതോടെ കോടതി വിളക്കിന് ഹൈക്കോടതി ജഡ്ജിമാർ കസവുത്തരീയമണിഞ്ഞ്, സർവാഭരണ വിഭൂഷിതരായി കുടുംബ സമേതം എത്തുന്നത് പതിവായി. അവരെ ആനയിച്ചു കൊണ്ടുനടക്കാൻ കീഴ്ക്കോടതികളിലെ ന്യായാധിപന്മാരുൾപ്പെടെ തയാറായി നിൽക്കുന്നത് ആചാരവുമായി. അതിനാണ് ഇപ്പോള്‍ ഹെെക്കോടതി വിരാമമിട്ടത്. അതേസമയം കോടതിയെന്ന പേര് ഉപയോഗിക്കാതെ ചടങ്ങുകൾ നടത്താനുള്ള ബാർ അസോസിയേഷന്റെ സ്വാതന്ത്ര്യത്തിൽ കോടതി ഇടപെട്ടിട്ടുമില്ല. ക്ഷേത്രാചാരങ്ങളുൾപ്പെടെ പലതും ഭരണ സംവിധാനങ്ങൾ നേരിട്ട് ഏറ്റെടുത്ത് നടത്തുക എന്ന ആഭാസം ഇന്ന് പലയിടത്തും തുടരുന്നുണ്ട്.
പലപ്പോഴും ജുഡീഷ്യറിയും അതിന്റെ ഭാഗമായി നിൽക്കുന്നു. രാജ്യത്ത് കാവിവൽക്കരണത്തിന്റെ കാലത്ത് ഇത് വ്യാപകവുമാണ്. അത്തരമൊരു അനാചാരത്തെ അറിഞ്ഞു കൊണ്ടു പ്രോത്സാഹിപ്പിക്കുകയായിരുന്നു കേരള ഹൈക്കോടതിയും ഇതുവരെ ചെയ്തിരുന്നത്. ഗുരുവായൂരിൽ മാത്രം അനാചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതു കൊണ്ട് ജുഡീഷ്യറി പൂർണമായി കാവിവൽക്കരണത്തിൽ നിന്നു മോചിതമായി എന്ന് അർത്ഥമില്ല. എങ്കിലും ഒരിടത്തെങ്കിലും ആഭാസം നിയന്ത്രിക്കാൻ നീതിപീഠമുണ്ടായി എന്നത് അഭിനന്ദിക്കപ്പെടേണ്ടതാണ്. തെറ്റും തെമ്മാടിത്തരവും ചൂണ്ടിക്കാണിക്കുന്നവരെ ഭ്രാന്തരെന്നു വിളിക്കുകയും ദേശദ്രോഹികളെന്ന് മുദ്രകുത്തുകയും ചെയ്യുന്ന, ചോദ്യം ചെയ്യുന്നവരുടെ വീട്ടിൽ പൊലീസിനെ കയറ്റി നിരക്കുമെന്നു ഭീഷണിപ്പെടുത്തുന്ന സംഘ്പരിവാർ നേതാക്കൾക്കൊപ്പം വേദി പങ്കിടാന്‍ മത്സരിക്കുന്ന ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കിടയില്‍ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും അദ്ദേഹത്തിന്റെ ഇടപെടലും വെളിച്ചമായി അവശേഷിക്കും.