Site iconSite icon Janayugom Online

ചന്തസമരവും അധ്യാപക ജാഥയും

kanalkanal

തിരുവനന്തപുരം പാര്‍ട്ടി ഓഫീസിലെ (മൂട്ടവനത്തിലെ) താമസക്കാലത്തുണ്ടായ വളരെ രസകരമായ ചില കഥകള്‍ സഖാവ് കെ സി ജോര്‍ജ് എഴുതിയിട്ടുണ്ട്. ഇടത്തരക്കാരില്‍ നിന്നും അതായതു പെറ്റി ബൂര്‍ഷ്വാ വിഭാഗത്തില്‍ നിന്നും വരുന്നവര്‍ പാര്‍ട്ടിയില്‍ ചേരുന്നതിനു ഡീക്ലാസ് ചെയ്യേണ്ടതിനെപ്പറ്റി പറയാറുണ്ടായിരുന്നു. (ഇടത്തരക്കാരനും ഉയര്‍ന്ന ഇടത്തരക്കാരനും നിത്യജീവിതത്തില്‍ എങ്ങനെ കീഴോട്ട് ഇറങ്ങിവരണമെന്നത് അക്കാലത്തെ പ്രധാന പ്രശ്നമായിരുന്നു. കമ്മ്യൂണിസം സ്വീകരിച്ചാല്‍ മാത്രം പോരാ. തൊഴിലാളി വര്‍ഗത്തെപ്പോലെ ചിന്തിക്കുകയും ജീവിക്കുകയും വേണം. അതിനു ബോധപൂര്‍വമായി ശ്രമിക്കണം. ഇടത്തരക്കാരന്റെ ദുരഭിമാനവും പൊങ്ങച്ചവും ഇല്ലാതാക്കണം. ഇതിന് സ്വീകരിക്കുന്ന മാര്‍ഗമെന്ന നിലയിലാണ് മാര്‍ക്സിസത്തിന്റെ ഭാഷയില്‍ ഡീക്ലാസ് ചെയ്യുക എന്ന് വ്യഖ്യാനിക്കുന്നത്). ചിലപ്പോള്‍ കുളത്തുങ്കല്‍ പോത്തന്‍ കെ സി മാത്യുവിന്റെ കയ്യില്‍ ഒരു ചക്രം കൊടുത്ത് മെയിന്‍ റോഡില്‍ നിന്നും പഴം വാങ്ങിക്കൊണ്ടുവരാന്‍ പറയും. ഡീക്ലാസ് ചെയ്യുന്നതിന് അങ്ങനെയുള്ള ജോലി ചെയ്യേണ്ടതാവശ്യമാണെന്നുള്ള ഒരു ഉപദേശവും നല്കും. അന്ന് ഒരു ചക്രത്തിന് എട്ടുപത്ത് പഴം കിട്ടും. അതുകൊണ്ടുവന്ന് എല്ലാവരും കൂടി തിന്നു. അങ്ങനെ പല ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം മൂന്നുനാലുപേര്‍ ഓഫീസില്‍ ഉള്ളപ്പോള്‍ ഒരു ചക്രം കൊടുത്തു മാത്യുവിനെ പഴം വാങ്ങാന്‍ അയച്ചു. എല്ലാവരും കാത്തിരിക്കുകയാണ്. മാത്യു മടങ്ങിവന്നപ്പോള്‍ ഒരു പഴം മാത്രം പോത്തച്ചന്റെ കയ്യില്‍ കൊടുത്തുകൊണ്ട് ഒന്നു പുഞ്ചിരിച്ചു. എന്ത് ഒന്നേയുള്ളോ എന്നുള്ള ചോദ്യത്തിന് ഞാന്‍ ഡീക്ലാസ് ചെയ്യാന്‍ ഇങ്ങോളം വഴിനീളെ പഴം തിന്നുകൊണ്ടാണ് വന്നത്. ബാക്കി ഇത്രമാത്രമെയുള്ളു എന്നായിരുന്നു മാത്യുവിന്റെ മറുപടി. എന്നാല്‍ ഇതുകൂടി തിന്നോളൂ എന്നുപറഞ്ഞ് ആ പഴംകൂടി കയ്യില്‍ കൊടുത്തപ്പോള്‍ അതു പോത്തച്ചനു ഡീക്ലാസ് ചെയ്യാന്‍ ഇരിക്കട്ടെ എന്നു മാത്യു പറഞ്ഞത് ഒരു കൂട്ടച്ചിരിയില്‍ അവസാനിച്ചു. ഇങ്ങനെയുള്ള ചില രംഗങ്ങള്‍ മൂട്ടവനത്തിലെ ജീവിതം ഒരു ഹോസ്റ്റല്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്ന് കെ സി അനുസ്മരിച്ചിട്ടുണ്ട്.

1942 ജൂലൈ മാസത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം നീക്കിയതോടെ മൂട്ടവനത്തിനു കൂടുതൽ ഉയർന്ന പദവി ലഭിച്ചു. ആന്റി ജാപ്പ് ഓഫീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസായി മാറി. അതോടെ പാർട്ടി ഓഫീസിനു മൂട്ടവനം പോരെന്നുള്ള ഒരു പൊതുജനാഭിപ്രായം സൃഷ്ടിക്കുന്നതിനുള്ള ഒരു ഉൾപാർട്ടി ക്യാമ്പയിൻ പോത്തച്ചന്‍ ആരംഭിച്ചു. സാമ്പത്തിക സ്ഥിതിയെപ്പറ്റി ആലോചിച്ചപ്പോൾ ആ അഭിപ്രായം ഉടൻ സ്വീകരിക്കാൻ സഖാക്കള്‍ തയാറായില്ലെങ്കിലും 40 രൂപ വാടക കൊടുക്കാനുള്ള ഉത്തരവാദിത്തം പോത്തച്ചന്‍ ഏറ്റതോടുകൂടി സേവിയേഴ്സ് റസ്റ്റോറന്റിന്റെ തൊട്ടടുത്ത രണ്ടുനില ഫ്ലെച്ചര്‍ ബില്‍ഡിങ്ങില്‍ പാര്‍ട്ടി ഓഫീസ് മാറ്റി സ്ഥാപിച്ചു. അങ്ങനെ മൂട്ടവനവുമായി യാത്ര പറഞ്ഞു പിരിഞ്ഞു. പുതിയ ഓഫീസ് പാർട്ടിയുടെ അന്തസിനും ഗൗരവത്തിനും ചേർന്നവിധം മേശ, കസേര, ബെഞ്ച് മുതലായവകൊണ്ട് സൗകര്യപ്പെടുത്തി. ഒരു വലിയ ബോർഡും. “ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂർ കമ്മിറ്റി‌” എന്നുള്ള ആ ബോർഡും ഓഫീസും തിരുവനന്തപുരത്ത് ഒരു വലിയ സംസാരവിഷയമായി. അതിന്റെ അല ദിവാന്റെ ഭക്തി വിലാസത്തു ചെന്നടിച്ചതിന്റെയും തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നുള്ള ബോർഡു സ്ഥാപിച്ചതിന്റെയും കഥ പിന്നീടുള്ള ചരിത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പരസ്യമായി രംഗത്തുവന്നതിന്റെ ഒരു പ്രത്യാഘാതം കൂടി പറയാതിരുന്നാൽ മൂട്ടവനത്തിൽ നിന്നു പുറപ്പെട്ട ആ കൊച്ചു പാർട്ടിയുടെ ചരിത്രം തീരെ ശുഷ്കമായി തോന്നിയേക്കാം. കമ്മ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി ഉണ്ടായിരുന്ന ചില ധാരണകളെപ്പറ്റി അറിയുന്നതിനും അതു സഹായിക്കുകയും ചെയ്യും. ഇടത്തരക്കാരുടെ ബഹുജന സംഘടനകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെടുന്നതിന്റെ ഒരു രൂപവും അതിൽ അടങ്ങിയിട്ടുണ്ട്.

തിരുവല്ലാ എസ്‌സിഎസ് ഹൈസ്കൂൾ ട്രെയിനിങ് സ്കൂൾ ഹെഡ്‌മാസ്റ്ററും പ്രൈവറ്റ് സ്കൂള്‍ അധ്യാപകസംഘടനയുടെ പ്രസിഡന്റുമായിരുന്ന ടി ജി ഈശോ ഒരു ദിവസം പാര്‍ട്ടി ഓഫീസിൽ കയറിവന്നു. അധ്യാപകരുടെ പല പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് അതിനുവേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി സമരം ചെയ്ത് വാങ്ങിക്കൊടുക്കണം എന്നായിരുന്നു ആവശ്യം. ബഹുജന സംഘടനകൾ ശക്തിപ്പെടുത്തി അതിന്റെ സമരശേഷിയുടെ അടിസ്ഥാനത്തിൽ മാത്രമേ ആവശ്യങ്ങൾ സാധിച്ചുകിട്ടുകയുള്ളു എന്നും കമ്മ്യൂണിസ്റ്റ് പാർട്ടി അതിനാവശ്യമായ സഹായവും നേതൃത്വവും നൽകുമെന്നും നേതാക്കള്‍ പറഞ്ഞതുകൊണ്ട് അദ്ദേഹം തൃപ്തനായില്ല. സമരം ചെയ്തു വാങ്ങിക്കൊടുക്കേണ്ടതു പാർട്ടിയുടെ കടമയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നിങ്ങൾക്കു ഒരു ജാഥയും യോഗവും നടത്താൻ കഴിയുമോ? എന്നു നേതാക്കള്‍ ചോദിച്ചപ്പോൾ പാര്‍ട്ടികൂടി സഹായിച്ചാൽ യോഗം നടത്താം, പക്ഷെ, അധ്യാപകന്മാർ എങ്ങനെയാണ് തൊഴിലാളികളെപ്പോലെ ജാഥ നടത്തുന്നത് എന്നായിരുന്നു മറുചോദ്യം. എങ്കിൽ പിന്നെ നിങ്ങൾക്കൊന്നും കിട്ടാൻ പോകുന്നില്ല, നിങ്ങളുടെ സംഘടിതശക്തിയെയാണ് എല്ലാം ആശ്രയിച്ചിരിക്കുന്നത് അതിന് നിങ്ങളെ സഹായിക്കുകയെന്നുള്ളതാണ് പാർട്ടിക്ക് ചെയ്യാവുന്നതെന്നും മറ്റുമുള്ള കെ സി ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ രണ്ടുദിവസത്തെ ചർച്ചകൊണ്ടാണ് അദ്ദേഹത്തിന് ബോധ്യമായത്. അങ്ങനെ ഒരു മീറ്റിങ്ങും ജാഥയും നടത്താമെന്നു തീരുമാനിച്ചു. പത്തിരുപത് അധ്യാപകന്മാര്‍ മാത്രമാണ് തിരുവനന്തപുരത്ത് എത്തിയിരുന്നത്. അവരെക്കൊണ്ടൊരു ജാഥ നടത്താനുള്ളതായിരുന്നു പരിപാടി. അവര്‍ പാളയത്തു നിന്നും ആവശ്യങ്ങള്‍ എഴുതിയ ബോര്‍ഡുകളും പിടിച്ച് നിശബ്ദമായി ഇരുവശവും നോക്കാതെ കിഴക്കേക്കോട്ട വരെ നടത്തിയ ജാഥ കാണികൾക്കൊരു തമാശയായിരുന്നു. മുദ്രാവാക്യങ്ങൾ വിളിക്കാനോ ജാഥ പ്രകടനപരമാക്കാനോ അവർക്കു കഴിഞ്ഞില്ലെങ്കിലും തൊഴിലാളികള്‍ക്കു മാത്രം യോജിച്ചതെന്ന് അവര്‍ കരുതിയിരുന്ന പ്രക്ഷോഭമാര്‍ഗം ഭാഗികമായെങ്കിലും അധ്യാപകര്‍ സ്വീകരിച്ചു എന്നുള്ള സംതൃപ്തി നേതാക്കള്‍ക്കുണ്ടായി. പുത്തരിക്കണ്ടം മൈതാനത്ത് അവരുടെ ചെറിയ യോഗത്തില്‍ കെ സി ജോര്‍ജ് പ്രസംഗിച്ചു, സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ട്. അങ്ങനെ പെറ്റി ബൂര്‍ഷ്വാ വിഭാഗത്തില്‍പ്പെട്ടവര്‍ തൊഴിലാളി വര്‍ഗത്തിന്റെ സംഘടനാരീതികളും പ്രക്ഷോഭണ സമരമാര്‍ഗങ്ങളും സ്വീകരിച്ചതിന്റെ ആദ്യ അധ്യായങ്ങളില്‍ ആ ചെറിയ ജാഥയ്ക്ക് ഒരു സ്ഥാനമുണ്ട്. തിരുവിതാംകൂറിലെ അധ്യാപക സംഘടനയുടെ ചരിത്രത്തിലെ ഒരു സുപ്രധാന രംഗവുമായിരുന്നു അത്. കാര്‍ഷികരംഗത്ത് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചതും ആ കാലഘട്ടത്തില്‍ തന്നെയായിരുന്നു.

മലബാര്‍ പ്രദേശത്ത് കര്‍ഷക സംഘടനകള്‍ വളരെ ശക്തമായിരുന്നെങ്കിലും തിരുവിതാംകൂറില്‍ അതേ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടന രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജന്മിവ്യവസ്ഥയും മര്‍ദ്ദനങ്ങളും ഇവിടെ കുറവായിരുന്നു. കാര്‍ഷികോല്പന്നങ്ങള്‍ ചന്തകളില്‍ കൊണ്ടുവരുമ്പോള്‍ നടമാടിയിരുന്ന പിടിച്ചുപറിക്കും ചൂഷണത്തിനുമെതിരെ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരായ സമരങ്ങളായിട്ടാണ് കര്‍ഷക പ്രക്ഷോഭം ആരംഭിച്ചത്. തിരുവനന്തപുരത്ത് കാട്ടായിക്കോണത്തും നെയ്യാറ്റിന്‍കരയിലും ചന്തസമരങ്ങള്‍ നടത്തിയതിന്റെ ഫലമായി അവിടങ്ങളില്‍ കര്‍ഷക സംഘടനകള്‍ കെട്ടിപ്പടുക്കാന്‍ ആ കാലത്ത് സാധിച്ചിരുന്നു. ആ പ്രവര്‍ത്തനത്തില്‍ക്കൂടി ഉയര്‍ന്നുവന്ന സഖാക്കളാണ് അന്ന് നാട്ടിന്‍പുറങ്ങളിലെ നല്ല പാര്‍ട്ടി പ്രവര്‍ത്തകരായി തീര്‍ന്നതും. അങ്ങനെ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും കർഷക സമരങ്ങള്‍ക്ക് അടിസ്ഥാനമിട്ടത് ചന്തസമരങ്ങളാണ്. പാര്‍ട്ടി നാട്ടിന്‍പുറങ്ങളില്‍ വേരൂന്നിയതും പുതിയ പാര്‍ട്ടി കാഡറ്റുകള്‍ ഉയര്‍ന്നുവന്നതും ആ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു. കാട്ടായിക്കോണം, നെയ്യാറ്റിന്‍കര, കൂത്താട്ടുകുളം, വൈക്കം എന്നീ കേന്ദ്രങ്ങളില്‍ 1946 ലെ പുന്നപ്ര – വയലാര്‍ സമരകാലത്തു പൊലീസ് മര്‍ദ്ദനം അഴിച്ചുവിടപ്പെട്ടതിന്റെ അടിസ്ഥാനവും ഈ കര്‍ഷക സംഘടനകളും അതിനു നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങളുമായിരുന്നു. അങ്ങനെ മൂട്ടവനത്തില്‍ നിന്നും പുറപ്പെട്ട ആ ‘ചെറിയ പാര്‍ട്ടിജാഥ’ തിരുവിതാംകൂറിന്റെ മുക്കിലും കോണിലും സ‍ഞ്ചരിച്ച്, കൊച്ചി — മലബാര്‍ പ്രദേശങ്ങളിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള അത്തരം ജാഥകളുമായി സമ്മേളിച്ച് ഒരു വലിയ പ്രവാഹമായി കേരളത്തില്‍ ലോകത്തിന്റെതന്നെ ചരിത്രത്തില്‍ ഇദംപ്രഥമമായി തെരഞ്ഞെടുപ്പില്‍ക്കൂടി അധികാരത്തിലേറ്റത്തക്കവിധത്തില്‍ ജനലക്ഷങ്ങളെ സ്വാധീനിച്ചു എന്നോര്‍ക്കുമ്പോള്‍ മൂട്ടവനത്തെ മറക്കാന്‍ ആര്‍ക്കു കഴിയും? ആ ജാഥ, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എന്തെല്ലാം പ്രതിബന്ധങ്ങളെയാണ് തരണം ചെയ്തത്. എത്രയോ പ്രാവശ്യം അതിന്റെ മുന്നോട്ടുള്ള ഗതി തടയപ്പെട്ടു. എത്ര വളരെ തിരിച്ചടികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്? അങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി മൂട്ടവനജാഥയെപ്പോലെ നടത്തപ്പെട്ട ചെറിയ ജാഥകളുടെ വിജയകരമായ മുന്നേറ്റമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുമ്പോട്ടിരമ്പിക്കയറിക്കൊണ്ടിരിക്കുന്ന ഒരു മഹാ ജാഥയായി മാറ്റിയതെന്നുള്ളതാണ് തമ്പാനൂര്‍ മുടുക്കില്‍ നിന്നു പുറപ്പെട്ട ആ ചെറിയ മൂട്ടവന ജാഥയുടെ പ്രാധാന്യം.

(കെ സി ജോര്‍ജിന്റെ ജീവിതകഥയില്‍ നിന്നും)

Exit mobile version