Site iconSite icon Janayugom Online

നാളെ പുലർകാലെ

‘നാളെ പുലർകാലെ’ ചൊല്ലിപ്പഠിക്കുന്ന

ബാലമനസ്സിന്റെ ശാപം “പുലരാതെ

പോവട്ടെ നാളെകൾ” നാളെ പുലർന്നാലും

ലോകമുണർന്നാലും മുൻഷി ഉണരാ-

തിരിക്കുവാൻ പ്രാർത്ഥന, കണ്ണുനീരിൽ

കുതിർന്നുള്ളൊരു പ്രാർത്ഥന.

കാവ്യാമൃതം കൈപ്പുനീരായ് കുടിക്കുന്ന

കുഞ്ഞുകണ്ഠത്തിന്നിടർച്ചയ്ക്കു കാരണം:

കാണാതെ പദ്യം പഠിച്ചു ചൊല്ലീടണം

അല്ലെങ്കിൽ ചൂരലിൻ ചൂടറിഞ്ഞീടണം.

‘സ്വാരസ്യപീയുഷസാരസർവ്വസ്വ’ ത്തിൽ

കൈപ്പുകലർത്തുന്ന ഭീകരരൂപീയാം

മുൻഷി ചൂരൽവടി മൂളിച്ചു നിൽക്കുന്നു

കാവ്യാമൃതേ കണ്ണീരുപ്പു കലർത്തുന്നു.

കാവ്യാലങ്കാരങ്ങൾ ബോർഡിലഴിച്ചിട്ടു,

ലക്ഷണം ചൊല്ലുവാനാജ്ഞ കൊടുത്തിട്ടു,

ചൂരൽവടിയാലെ പിഞ്ചുഹൃദയത്തിലൂറും

കവിതയിൽ കണ്ണീർ കലർത്തുമ്പോൾ

അല്ലേ, ഭരതാ, നിനക്കൊപ്പം കേണു ഞാൻ

കോപാന്ധനാവുന്നു നിന്നെപ്പോലെ.

പോവുക കാവ്യത്തെ തേടി നാമേവരും

കാവ്യാംഗനാ കാടുകേറി മറഞ്ഞാലും.

പദ്യമൊരീരടി തെറ്റിയാൽ തല്ലുന്ന

ചൂരലൊഴിവാക്കി, ‘ആനകശംഖ

പടഹവാദ്യത്തോടെ’ പോക നാം

നാളെ പുലർകാലെ പോക നാം.

അക്കാൽ ചിലമ്പൊലി കേൾക്കുന്ന നാൾവരെ

‘താപസവേഷം ധരിച്ചു ജട പൂണ്ടു’

താപം കലർന്നു വസിക്കുക തോഴരെ

താപം കലർന്നു വസിക്കുക തോഴരെ.

(ഫോക്കാന 2022 കവിതയ്ക്കുള്ള പുരസ്കാരം ലഭിച്ച  ‘പരിഭ്രമത്തിന്റെ പാനപാത്രം’ എന്ന കവിതാ സമാഹാരത്തിൽ നിന്നും)

Exit mobile version