Site icon Janayugom Online

2024: യുപി ബിജെപിക്ക് എളുപ്പമല്ല

കഴിഞ്ഞ ആറ് മാസം യുപി രാഷ്ട്രീയം ബിജെപിക്ക് അത്ര നല്ലതായിരുന്നില്ല. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ 80 ലോക്‌സഭാ സീറ്റുകളിലും വിജയിക്കുകയെന്ന ലക്ഷ്യമാണ് ജനുവരി 22ന് സംസ്ഥാന ബിജെപി അധ്യക്ഷൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആറുമാസത്തിനുശേഷം പാർട്ടിയുടെ സംസ്ഥാന ഘടകം തന്നെ 18 ലോക്‌സഭാ സീറ്റുകൾ ‘റെഡ് സോണ്‍’ ആണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അതില്‍ നാലെണ്ണം നിലവിൽ സ്വന്തം സീറ്റുകളാണ്. അതേസമയം പ്രതിപക്ഷത്തെ സമാജ്‌വാദി പാർട്ടി, ബിഎസ്‌പി, കോൺഗ്രസ് എന്നിവയുടെ ഐക്യസാധ്യതകള്‍ അവ്യക്തമായതുകൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇപ്പോഴും സങ്കീര്‍ണമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 80ൽ 62 സീറ്റുകളാണ് ബിജെപി നേടിയത്. 18 സീറ്റുകളാണ് ആകെ നഷ്ടപ്പെട്ടത്. കിട്ടിയതില്‍ രണ്ട് സീറ്റുകൾ സഖ്യകക്ഷിയായ അപ്നാ ദൾ നേടിയതാണ്. ഈ രണ്ടെണ്ണം ഒഴിവാക്കിയാൽ, ബിജെപിയുടെ സ്വന്തം സാധ്യത 60 സീറ്റുകളായി ചുരുങ്ങുന്നു. മറ്റാെരു സഖ്യകക്ഷിയുടെ രണ്ട് സീറ്റുകളും ഭീഷണിയിലാണ്. ഇത് 2024ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് കടുത്ത രാഷ്ട്രീയപരീക്ഷയാകുമെന്ന് സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 75 സീറ്റുകൾ നേടാനാണ് മുഖ്യമന്ത്രി ആദിത്യനാഥ് ബിജെപി പ്രവർത്തകരോട് നേരത്തെ ആഹ്വാനം ചെയ്തിരുന്നത്. ബിജെപിയുടെ ചാണക്യനെന്ന് കരുതപ്പെടുന്ന അമിത് ഷാ 2019ലെ 62ൽ നിന്ന് 70 സീറ്റുകളിലേക്കെങ്കിലും മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 


ഇതുകൂടി വായിക്കു; ഭരണം ജനങ്ങളിലേക്കെത്തിക്കണം


കഴിഞ്ഞ ആറ് മാസമായി 80 സീറ്റുകളിലും വിജയിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി നേതാക്കളുടെ പ്രവര്‍ത്തനം. എന്നാല്‍ അണികൾക്കിടയിലെ ആത്മവിശ്വാസം കുറയുന്നത് തടയാന്‍ കൊണ്ടുപിടിച്ച പ്രചാരണത്തിന് പോലും വിജയിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്. 2014ല്‍ 71 സീറ്റുകൾ നേടി രാജ്യത്തെ വിസ്മയിപ്പിച്ചതിനു ശേഷം സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ ബിജെപിയുടെ സ്വാധീനം കുറഞ്ഞുവരികയാണ്. 2019ൽ 62 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ എന്നതുമാത്രമല്ല, വിധാൻസഭാ തെരഞ്ഞെടുപ്പിലും ഇടിവ് പ്രകടമായി. 2017ൽ 309 സീറ്റുകൾ നേടിയ പാര്‍ട്ടി 2022ൽ 255 സീറ്റുകളിലേക്ക് ചുരുങ്ങി. മറുവശത്ത് പ്രതിപക്ഷ പാർട്ടികളുടെ നില മെച്ചപ്പെട്ടു. 2017ൽ എസ്‍പി 47, ബിഎസ്‍പി 17, കോൺഗ്രസ് ഏഴ് എന്നിങ്ങനെ സീറ്റുകൾ നേടിയിരുന്നു. 2022ൽ 111 സീറ്റുകൾ നേടിയ എസ്‍പിയുടെ പ്രകടനം ശ്രദ്ധേയമായി. അതേസമയം ബിഎസ്‍പി ഒരു സീറ്റിലേക്കും കോൺഗ്രസ് രണ്ടിലേക്കും ഒതുങ്ങി. 2024ലെ തെരഞ്ഞെടുപ്പിൽ ഈ രീതി ആവര്‍ത്തിച്ചാല്‍ ബിജെപിക്ക് പരമാവധി 51 സീറ്റുകൾ മാത്രമേ നേടാനാകൂ. എസ്‍പിക്ക് കുറഞ്ഞത് 20 സീറ്റെങ്കിലും കിട്ടാന്‍ സാധ്യതയുണ്ട്. ഈ സാധ്യത ബിജെപി നേതൃത്വത്തിന്റെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്.  ബിജെപിയുടെ വീഴ്ച ഇവിടെ അവസാനിക്കുന്നില്ല. ഇക്കഴിഞ്ഞ മേയില്‍ നടന്ന നഗര-തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും അവരുടെ പ്രകടനം മികച്ചതായിരുന്നില്ല. സംസ്ഥാനത്തെ മുനിസിപ്പൽ കോർപറേഷനുകളിലെ 17 മേയർ സീറ്റുകളിലും വിജയിക്കാൻ കഴിഞ്ഞെങ്കിലും 199 നഗർപാലിക പരിഷത്തുകളിൽ 89 എണ്ണത്തിലും 544 നഗർ പഞ്ചായത്തുകളിൽ 191ല്‍ മാത്രമേ വിജയിക്കാനായുള്ളൂ. മുനിസിപ്പൽ കോർപറേഷൻ മേഖലകളിൽ ബിജെപിക്ക് പരമ്പരാഗതമായി മുൻതൂക്കമുള്ളതിനാൽ 17 മേയർ സ്ഥാനം നേടിയെന്നത് നില മെച്ചപ്പെടുന്നതിന്റെ ലക്ഷണമല്ലെന്ന് അവര്‍ക്കും അറിയാം. മറിച്ച്, സ്വന്തം ശക്തികേന്ദ്രത്തില്‍ പ്രതിപക്ഷത്തിന്റെ സ്വാധീനം വർധിച്ചുവരുന്നത് പാർട്ടിയെ ആശങ്കപ്പെടുത്തുന്നു.


ഇതുകൂടി വായിക്കു; ആട്ടക്കാരും വേഷങ്ങളും ഭള്ളുകളും


 

എസ്‍പിക്ക് 35 നഗർപാലിക പരിഷത്ത് സീറ്റുകളും 79 നഗർ പഞ്ചായത്ത് സീറ്റുകളും നേടാനായി. ബിഎസ്‍പി 16 നഗർപാലിക സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് നാല് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. നഗർ പഞ്ചായത്തിൽ ബിഎസ്‍പി 37 ഉം കോൺഗ്രസ് നാലും സീറ്റുകൾ നേടി. ബിജെപി ഭരണത്തിനെതിരായ വോട്ടർമാരുടെ നിരാശ കാണിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ നഗർപാലിക(41), നഗർ പഞ്ചായത്ത് (195) സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. ഇതേ വോട്ടിങ് പാറ്റേൺ തുടര്‍ന്നാല്‍ 2024ൽ ബിജെപി ഗണ്യമായ നഷ്ടത്തിലേക്ക് നീങ്ങും. വിധാൻസഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ പ്രവചിച്ച 51 സീറ്റുകൾ പോലും നേടാൻ അവര്‍ക്ക് കഴിയില്ല. എട്ട് സീറ്റുകളെങ്കിലും വീണ്ടും കുറയും. അതായത് പരമാവധി 43 സീറ്റുകളിൽ മാത്രം വിജയിക്കാനാണ് സാധ്യത. വാസ്തവത്തിൽ, നഗരപാലികകളിലും നഗർ പഞ്ചായത്തുകളിലും പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ ബിജെപി എംപിമാരിൽ നാലിലൊന്നും പരാജയപ്പെട്ടിരിക്കുകയാണ്. ഇത് കേന്ദ്ര ബിജെപി നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്. ഇപ്പോഴും പാര്‍ട്ടിക്ക് മുൻതൂക്കമുണ്ടെങ്കിലും അത് 2014ലെയും 2019ലെയും നിലയെക്കാൾ വളരെ താഴെയാണ്. മറുവശത്ത്, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സാധ്യതകൾ കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു. എങ്കിലും ഈ സാഹചര്യം മുതലെടുക്കാൻ പ്രതിപക്ഷത്തിന് കഠിനാധ്വാനം ആവശ്യമാണ്. മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കെതിരെ കെട്ടുറപ്പുള്ള പോരാട്ടത്തിന് തയ്യാറെടുക്കേണ്ടതുണ്ട്.

അവലംബം: ഐപിഎ

Exit mobile version