ഒരു വർഷം നീണ്ട ആർഎസ്എസ് ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കൊൽക്കത്ത സയൻസ് സിറ്റി ഓഡിറ്റോറിയത്തിൽ ദേശീയ ചർച്ചയ്ക്ക് തുടക്കമിടുന്നുവെന്ന അവകാശവാദത്തോടെ സർ സംഘചാലക് മോഹൻ ഭാഗവത് നടത്തിയ പ്രഖ്യാപനം ജനാധിപത്യത്തിന്റെ മരണമണി മുഴക്കുന്നതായി. ഇന്ത്യ ‘ഹിന്ദു രാഷ്ട്രം’ ആണെന്നും ആ സ്വത്വം സത്യമാണെന്ന് അംഗീകരിക്കാൻ ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലെന്നുമായിരുന്നു വെല്ലുവിളി.
ഇന്ത്യൻ നാഗരികതയും സാംസ്കാരിക പൈതൃകവും ഹിന്ദുമൂല്യങ്ങളിലും ചരിത്രത്തിലും അന്തർലീനമാണ്. അവയെ ബഹുമാനിച്ച് ജനങ്ങൾ ജീവിക്കുന്നിടത്തോളം ഹിന്ദുരാഷ്ട്രമെന്ന രാജ്യസ്വത്വം നിലനിൽക്കും. ചില സത്യങ്ങൾക്ക് ഔപചാരികവും നിയമപരവുമായ സാധൂകരണം ആവശ്യമില്ലെന്ന് വാദിക്കാൻ അദ്ദേഹം കിഴക്ക് സൂര്യൻ ഉദിക്കുന്നതിന്റെ ഉപമ ഉപയോഗിച്ചു. രാജ്യഭരണവും സ്വത്വവും അതിന്റെ മതനിരപേക്ഷ ഭരണഘടനയാൽ നിർവചിക്കപ്പെട്ടതാണെന്ന് ഊന്നിപ്പറയുന്ന രാഷ്ട്രീയ പാർട്ടികളെ കടന്നാക്രമിക്കുകയും ചെയ്തു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം പശ്ചിമ ബംഗാളിനെ ബാധിക്കുന്നുണ്ട്. ആ അയൽരാജ്യത്ത് ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ അവർ ഐക്യത്തോടെ തുടരേണ്ടതുണ്ട്. തങ്ങൾ ഉൾപ്പെടെ ലോകമാകെയുള്ള എല്ലാ ഹിന്ദുക്കളും അവർക്ക് സഹായം നൽകണം.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് കേന്ദ്രം എന്തെങ്കിലും ചെയ്യേണ്ടതുമുണ്ട്. എല്ലാ ഹിന്ദുക്കളും ഒരുമിച്ച് നിന്നാൽ ബംഗാളിന്റെ സ്ഥിതി മാറാൻ സമയമെടുക്കില്ല. പക്ഷേ ആർഎസ്എസ് രാഷ്ട്രീയ മാറ്റത്തിലല്ല, സാമൂഹിക പരിവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദീർഘ വാദം കേൾക്കലുകൾക്ക് ശേഷം കോടതികൾ രാമക്ഷേത്ര — ബാബറി മസ്ജിദ് തർക്കം തീർപ്പാക്കി വിഷയം അവസാനിപ്പിച്ചു. ഇപ്പോൾ വീണ്ടും ഒരു മസ്ജിദ് നിർമ്മിക്കാൻ ശ്രമിക്കുന്നത് വോട്ടിനായി സംഘർഷം പുനരാരംഭിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഭാഗവത് ആരോപിച്ചു. “രാഷ്ട്രീയത്തിന്റെ പകുതി പ്രതിച്ഛായാ നിർമ്മാണമാണ്, മറുപാതി ആളുകളെ അത് വിശ്വസിപ്പിക്കുന്ന കലയാണെ“ന്ന് എഴുതിയത് ചരിത്രകാരി ഹന്ന ആരെൻഡ്. നിർമ്മിത പൊതുവ്യക്തിത്വവും ജനങ്ങളുടെ ധാരണയും രാഷ്ട്രീയ വിജയത്തിൽ വഹിക്കുന്ന പങ്കാണ് ആ വാക്കുകൾ അടിവരയിട്ടത്. ദൃശ്യ സമൂഹ മാധ്യമങ്ങളുടെ കാലത്ത് രാഷ്ട്രീയ പ്രക്രിയയുടെ കേന്ദ്രബിന്ദു വ്യാജപ്രതിച്ഛായാ നിര്‍മ്മിതിയും പൊതുവിശ്വാസവുമാണെന്നതിന്റെ മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദൈവം, ഋഷി, ധർമ്മ പുനഃസ്ഥാപകൻ എന്നെല്ലാമുള്ള നിലയിലാണ് ചിലരുടെ അവതരണം. ഒരു അഭിമുഖത്തിൽ തനിക്ക് ദിവ്യ ഉത്ഭവമുണ്ടെന്നും ദൈവത്തിന്റെ ദൂതനാണെന്നും ബോധ്യപ്പെട്ടതായി മോഡി പ്രസ്താവിക്കുകയുണ്ടായല്ലോ.
അമ്മയുടെ മരണം കഴിഞ്ഞ് എല്ലാ അനുഭവങ്ങളും സ്വാംശീകരിച്ചശേഷം, താൻ ജൈവശാസ്ത്രപരമല്ലെന്ന് മനസിലായി. വാരാണസി എന്ന പുണ്യനഗരത്തെ പ്രതിനിധീകരിക്കുന്നുവെന്നും അതിനാൽ അവിനാശിയാണെന്നും അവകാശപ്പെട്ടു. ഭഗവദ് ഗീതയിലെ ശ്രീകൃഷ്ണന്റെ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിന് വഴികാട്ടിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവിച്ചത് മറ്റൊരു ദിശ. കുരുക്ഷേത്ര യുദ്ധത്തിൽ കൃഷ്ണൻ അർജുനനെ ഉപദേശിച്ചത് ധർമ്മപ്രസംഗം കൊണ്ടല്ല, കർമ്മങ്ങളാണെന്നതുപോലെ നിരപരാധികളെ സംരക്ഷിക്കാനുള്ള ധർമ്മാധിഷ്ഠിത കർമ്മമായിരുന്നു അതെന്നും കൂട്ടിച്ചേർത്തു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പൂർത്തീകരണം അടയാളപ്പെടുത്താൻ ശ്രീരാമ ജന്മഭൂമി മന്ദിർ ധ്വജാരോഹൺ ഉത്സവിൽ മോഡി കാവി സൂര്യവംശി പതാക ഉയർത്തിയത് എന്താണ് അർത്ഥമാക്കിയതെന്നതിൽ ആഴത്തിലുള്ള വിശകലനം ആവശ്യമാണ്. 42 അടി ഉയരമുള്ള തൂണിൽ സ്ഥാപിച്ച 22 അടി നീളവും 11 അടി വീതിയുമുള്ള പതാക, മഴ, ശക്തമായ കാറ്റ് എന്നിവയെ പ്രതിരോധിക്കാൻ കഴിയുംവിധം പ്രത്യേക പട്ടുനൂലുകളും പാരച്യൂട്ട് തുണിയും ഉപയോഗിച്ച് അഹമ്മദാബാദിലെ കമ്പനിയാണ് നിര്‍മ്മിച്ചതെന്നാണ് ആർഎസ്എസ് ജിഹ്വ ഓർഗനൈസറിന്റെ റിപ്പോർട്ട്.
മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഗുണനിലവാരം അന്തിമമാക്കിയതും. ക്ഷേത്രശിഖരത്തിന് മുകളിൽ ആചാര്യന്മാർ ശംഖ് ഊതി. ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. ഉത്തർപ്രദേശിൽ നിന്ന് ക്ഷേത്ര പദ്ധതിയിൽ ഗണ്യമായ സംഭാവനകൾ നൽകിയ പ്രമുഖ വ്യാപാരികളെയും വ്യവസായികളെയും ഉൾപ്പെടെ 7,000 അതിഥികളെയാണ് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചത്. ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കുക മാത്രമല്ല അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ദൃഢനിശ്ചയത്തിന്റെ സാഫല്യം കൂടിയാണതെന്നായിരുന്നു മോഡിയുടെ ഊറ്റംകൊള്ളൽ. 10 വർഷത്തിനുള്ളിൽ രാജ്യത്തെ പഴയ മാനസികാവസ്ഥയിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. അങ്ങനെയാണ് പുരോഗതി കൈവരിക്കുക. നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കണം, അടിമത്ത മാനസികാവസ്ഥയിൽ നിന്ന് മോചനം നേടണമെന്നും വിശദീകരണമുണ്ടായി. മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ആദിത്യനാഥ് തുടങ്ങിയവരും പങ്കെടുത്തു. രാമക്ഷേത്രത്തിന് ജീവൻ ബലിയർപ്പിച്ചവരുടെ ആത്മാക്കൾ സമാധാനത്തിലായിരിക്കണമെന്നാണ് ഭാഗവത് പറഞ്ഞത്. ശ്രീകോവിലിന് മുകളിൽ കാവി പതാക ഉയർത്തുന്നത് ഔപചാരിക പൂർത്തീകരണം അടയാളപ്പെടുത്തി. ഈ പതാകയിലൂടെ ചില അടിസ്ഥാന മൂല്യങ്ങൾ ഉയർത്തപ്പെട്ടു. വ്യക്തിജീവിതത്തിൽ നിന്ന് കുടുംബ ജീവിതത്തിലേക്കും മുഴുവൻ സൃഷ്ടിയുടെയും ജീവിതത്തിലേക്കും ലോകത്തെ നയിക്കുന്ന മൂല്യങ്ങളാണിവ. എല്ലാവർക്കും ക്ഷേമം ഉറപ്പാക്കുന്നത് ധർമ്മമാണ്. പതാകയിലെ കാവി അതിനെ പ്രതിനിധീകരിക്കുന്നു.
ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന ഫൈസാബാദ് മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി എംപി അവധേഷ് പ്രസാദിന്റെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. ദളിത് സമുദായത്തിൽ പെട്ടവനായതിനാലാണ് പതാക ഉയർത്തൽ ചടങ്ങിലേക്ക് വിളിക്കാതിരുന്നതെങ്കിൽ അത് രാമന്റെ അന്തസല്ല സംരക്ഷിച്ചത് ആരുടെയോ ഇടുങ്ങിയ ചിന്താഗതിയാണ്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് എംപിയെ ഒഴിവാക്കിയത് ജാതി കാരണമായിരിക്കാമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ആദ്യത്തെ രാമക്ഷേത്ര പരിപാടിയിലേക്ക് ക്ഷണിച്ച 200 പുരോഹിതന്മാരിൽ ഒരു ദളിതൻ പോലും ഇല്ലായിരുന്നു. അടിച്ചമർത്തപ്പെട്ട സമുദായത്തിൽ നിന്നുള്ള സന്ന്യാസിമാരെയും ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നുവെന്നും ദളിതനായതിനാൽ ഭൂമി പൂജയ്ക്ക് വിളിച്ചില്ലെന്നും ജുന അഖാഡയിലെ സ്വാമി കനയ്യ പ്രഭുനന്ദൻ ഗിരി തുറന്നടിച്ചിരുന്നു. അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച ട്രസ്റ്റിൽ ഒരു ദളിതനെ പോലും അംഗമാക്കിയിട്ടില്ലെന്ന വസ്തുതയിൽനിന്ന് ആ വിഭാഗത്തിന് അസ്പൃശ്യതയാണെന്ന് മനസിലാക്കാമെന്നും ആ സന്ന്യാസി അടിവരയിടുകയുണ്ടായി. രാമക്ഷേത്ര ശിഖരത്തിൽ മോഡി കാവിക്കൊടി ഉയർത്തിയതിന് പിന്നാലെ മുൻ കേന്ദ്രമന്ത്രിയും പ്രധാന ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ രൂക്ഷ വിമർശനമാണ് നടത്തിയത്. “രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയാണ്.
അപ്രഖ്യാപിത, എന്നാൽ വ്യക്തമായി സ്ഥാപിക്കപ്പെട്ട ഹിന്ദു രാഷ്ട്രമുണ്ട്. ഭേദഗതി ചെയ്യാതെ ഭരണഘടനാപരമായ അസ്തിത്വം എങ്ങനെ തകർക്കാമെന്ന് മോഡി കാണിച്ചുതന്നു“വെന്നാണ് എക്സിലെ പോസ്റ്റിൽ സിന്‍ഹ പൊട്ടിത്തെറിച്ചത്. മോഡി സർക്കാർ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ മാനദണ്ഡങ്ങളെയും ദുർബലപ്പെടുത്തുന്നുവെന്ന് സിൻഹ പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2019 നവംബർ ഏഴിലെ സുപ്രീം കോടതിയുടെ അയോധ്യാ വിധി തെറ്റാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു. അടിസ്ഥാനമായ മതനിരപേക്ഷ - ജനാധിപത്യ ഭരണഘടനാ ചട്ടക്കൂടിൽ നിന്ന് റിപ്പബ്ലിക്കിനെ അകറ്റുകയാണെന്നും പലവട്ടം പ്രതികരിക്കുകയുണ്ടായി. ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിൽ എൽ കെ അഡ്വാനിയും മറ്റ് ബിജെപി നേതാക്കളും ക്ഷമചോദിക്കുകയും അനുതാപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പിന്നീട് രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നും സിൻഹ വ്യക്തമാക്കിയിട്ടുമുണ്ട്. ന്യൂനപക്ഷവിരുദ്ധ കൊലവിളികൾക്ക് കുപ്രസിദ്ധനായ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ ബജ്‌റംഗ് ദളിന്റെയും അധ്യക്ഷനായ പ്രവീൺ തൊഗാഡിയ, ഹിന്ദുക്കൾ ഇസ്രയേൽ പാത പിന്തുടരണമെന്ന് ആവർത്തിക്കുന്നത് പലരെയും ഉത്ക്കണ്ഠപ്പെടുത്തുന്നില്ലെന്നത് അപകടനിലയുടെ തെളിവാണ്. ഒരു കോടി ജൂതർക്ക് 15 കോടി മുസ്ലിങ്ങളെ കൊല്ലാൻ കഴിയുമെങ്കിൽ ഞങ്ങൾ അവരേക്കാൾ ധെെര്യശാലികളാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആ ജൂതവഴി പിന്തുടരാൻ അനുയായികളോട് ആഹ്വാനം ചെയ്യുന്ന തൊഗാഡിയ ഹിന്ദു ആധിപത്യം നിലനിർത്തുന്നതിനുള്ള മാതൃകയായി ഇസ്രയേലിനെ പ്രശംസിക്കുകയാണ്.
മുഗൾ ഭരണാധികാരികൾ രാജ്യം മുഴുവൻ ഇസ്ലാമികവല്‍ക്കരിക്കാൻ ശ്രമിച്ചെന്ന ആദിത്യനാഥിന്റെ പ്രസ്താവനയും പച്ചക്കള്ളമാണ്. മുഗളർ ഹിന്ദു ചിഹ്നങ്ങളെയും ആചാരങ്ങളെയും ലക്ഷ്യം വച്ചു. ഔറംഗസേബ് തിലകം മായ്ചും പൂണൂൽ മുറിച്ച് മാറ്റിയും മതപീഡനം നടത്തുകയും ഹിന്ദു പാരമ്പര്യങ്ങൾ തകർക്കാൻ ബലം പ്രയോഗിക്കുകയും ചെയ്തുവെന്നും ആരോപിച്ചു. ഹിന്ദുരാഷ്ട്രം രൂപീകൃതമായ നിലയിലാണ് ഇത്തരം പ്രകോപന പ്രസ്താവങ്ങളെല്ലാം.

